കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും
1575782
Monday, July 14, 2025 11:54 PM IST
കാഞ്ഞിരപ്പള്ളി: മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന വില്ലണി കോഴികൊത്തി പാലവും മഞ്ഞപ്പള്ളി പുളിമാക്കൽ പാലവും അടിയന്തരമായി പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആനക്കല്ല്, മഞ്ഞപ്പള്ളി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ വില്ലണിയിൽനിന്നു മഞ്ഞപ്പള്ളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തമ്പലക്കാട്, എറികാട്, തുമ്പമട പ്രദേശങ്ങളിൽനിന്നു നൂറുകണക്കിനാളുകൾ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലേക്ക് എത്താൻ ഉപയോഗിച്ചിരുന്ന പാലങ്ങൾ പുനർനിർമിക്കാൻ എന്ന പേരിൽ മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം പൊതുജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടുകയാണ്.
അടിയന്തര ആവശ്യങ്ങൾക്കുപോലും കിലോമീറ്ററുകൾ ചുറ്റി യാത്ര ചെയ്യേണ്ട സാഹചര്യമാണ്. പാലങ്ങൾ പൊളിച്ചിട്ടതല്ലാതെ പുനർനിർമിക്കാൻ ഒരു നടപടിയും ബന്ധപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പാലത്തിന് ഫണ്ട് അനുവദിച്ചെന്നു പ്രഖ്യാപിച്ച് ഫ്ലക്സ് ബോർഡുകൾ വച്ചതല്ലാതെ പുനർനിർമിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോൺഗ്രസ് വാർഡ് കമ്മിറ്റികൾ ആരോപിച്ചു.
നാളെ വൈകുന്നേരം നാലിന് വില്ലണിയിൽ പൊളിച്ചിട്ടിരിക്കുന്ന കോഴികൊത്തി പാലത്തിന് സമീപത്തുനിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കും.