കിടങ്ങൂരില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങളും വ്യാപാരികളും
1575458
Sunday, July 13, 2025 10:34 PM IST
കിടങ്ങൂര്‍: കിടങ്ങൂർ പഴയ റോഡിലും സിഗ്നല്‍ ജംഗ്ഷന് സമീപവും മിക്ക സമയവും ഉണ്ടാവുന്ന വാഹനക്കുരുക്കില്‍ വലയുകയാണ് ജനങ്ങളും ഇവിടുത്തെ വ്യാപാരികളും. റോഡിന്റെ ഇരുവശവും തോന്നുംപടി വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുക്കുന്നത് ഇവിടുത്തെ പതിവു കാഴ്ചയാണ്. വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ പോലുമാവാത്ത സ്ഥിതിയുമുണ്ട്. ചില വാഹനങ്ങള്‍ ഫുട്പാത്തില്‍ കയറി വരെ പാര്‍ക്ക് ചെയ്യുന്നു.
ദുരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ രാവിലെ കടകള്‍ക്ക് മുന്‍പിലും വശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്തിട്ട് പോകുന്നു. പിന്നീട് വൈകുന്നേരമാണ് ഈ വാഹനങ്ങള്‍ ഇവിടെ നിന്നു മാറ്റുന്നത്. ഇതുമൂലം കടകള്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി സാധനം വാങ്ങിക്കാനാവാത്ത അവസ്ഥയാണ്. കച്ചവടത്തില്‍ വലിയ കുറവുണ്ടെന്ന് വ്യാപാരികളും പറയുന്നു. ഇരുവശത്തുമുള്ള പാര്‍ക്കിംഗ് മൂലം വഴിയാത്രക്കാരും ദുരിതത്തിലാണ്. മിക്ക സമയങ്ങളിലും റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാം.
കിടങ്ങൂര്‍ പഞ്ചായത്തിന്റെ കീഴില്‍ ഉടന്‍ തന്നെ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.