പാറിപ്പറന്ന് വിത്തുവിതച്ച് ഡ്രോണ്‍
1575778
Monday, July 14, 2025 11:54 PM IST
കോട്ടയം: കര്‍ഷകരും ഉദ്യോഗസ്ഥരും കാഴ്ചക്കാരായി നോക്കി നിൽക്കേ ഡ്രോണ്‍ പറന്നുനടന്ന് വിത്ത് വിതച്ചു. തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് പാടശേഖരത്തിലാണ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചു നൂതനരീതിയില്‍ വിത്തു വിതച്ചത്. ഒരേക്കറില്‍ ഏകദേശം 30 കിലോഗ്രാം വിത്ത് മാത്രമാണ് ഉപയോഗിച്ചത്.
കര്‍ഷകര്‍ ചെളിയില്‍ ഇറങ്ങി വിത്ത് വിതയ്ക്കുന്ന പരമ്പരാഗത രീതിക്കു പകരമാണ് ഡ്രോണ്‍ ഉപയോഗിച്ച് വിതയ്ക്കുന്നത്. ഇത്തരത്തില്‍ വിതയ്ക്കുമ്പോള് പുളി ഇളകുന്നത് തടയാനും വിത്ത് ചെളിയില്‍ താഴ്ന്നു പോകാതിരിക്കാനും സഹായകരമാണ്. ഇതുവഴി വിത്തിന്റെ ഉപയോഗം കുറയ്ക്കാനും സമയം ലഭിക്കാനും തൊഴിലാളി ക്ഷാമം പരിഹരിക്കാനും ചെലവു കുറക്കാനും സാധിക്കും.
കഴിഞ്ഞ വര്‍ഷത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിവിജ്ഞാന്‍ കേന്ദ്രം ഡ്രോണ്‍ ഉപയോഗിച്ച് വിത്ത് വിതയ്ക്കല്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പാടശേഖരങ്ങളില്‍ നടപ്പിലാക്കിയിരുന്നു.
സാധാരണ രീതിയില്‍ വിതച്ച പാടങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ ഡ്രോണിലൂടെ വിതച്ച പാടശേഖരത്തില്‍ ചിനപ്പുകളുടെ എണ്ണം കൂടുതലായും നെല്‍മണികളുടെ തൂക്കം ഉയര്‍ന്നതായും കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇതിന്റെ ഫലമായി നെല്ലിന്റെ മൊത്തം വിളവ് ശരാശരി 20 ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ധിച്ചിരുന്നു.
ഡ്രോണ്‍ ഉപയോഗിച്ചുള്ള വിതയും വളപ്രയോഗവും കര്‍ഷകരില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം സി.ടി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.
അനീഷ് കുമാര്‍ വിത ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ്, കൃഷിവിജ്ഞാന്‍ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. ജി. ജയലക്ഷ്മി, കൃഷി ഓഫീസര്‍ നസിയ സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു.