ഏറ്റുമാനൂരിൽ വികസനക്കുതിപ്പ്: മന്ത്രി മുഹമ്മദ് റിയാസ്
1575364
Sunday, July 13, 2025 7:26 AM IST
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന് തറക്കല്ലിട്ടു
ഏറ്റുമാനൂർ: സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ നടന്നുവരുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റോഡുകൾ, പാലങ്ങൾ, ബൈപ്പാസുകൾ, ജംഗ്ഷനുകളുടെ നവീകരണം തുടങ്ങി പശ്ചാത്തല വികസനരംഗത്ത് കേരളം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഭാവിയിൽ ഏറ്റുമാനൂരിനെ താലൂക്ക് ആക്കി ഉയർത്തുകയെന്ന ലക്ഷ്യം കൂടി മുന്നിൽക്കണ്ടാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പലവിധ തടസങ്ങൾ മറികടന്നാണ് സിവിൽ സ്റ്റേഷൻ നിർമാണത്തിനു തുടക്കമിടുന്നത്. സ്ഥലം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു യോഗം വിളിച്ചാണ് ഭൂമി വിട്ടു നൽകാൻ നടപടിയെടുത്തത്. ഏറ്റുമാനൂരിൽ ബഹുനില കോടതി സമുച്ചയത്തിന്റെ നിർമാണോദ്ഘാടനവും ഉടൻ നടത്തുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷന്റെ തറക്കല്ലിടലും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗം രശ്മി ശ്യാം, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, തോമസ് ചാഴികാടൻ, എഡിഎം എസ്. ശ്രീജിത്ത്, സംഘാടക സമിതി ചെയർമാൻ ഇ.എസ്. ബിജു, വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, പൊതുമരാമത്തു വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ദീപ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ആർ. രൂപേഷ്, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി, ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ,
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ജോസ് ഇടവഴിക്കൽ, പി.വി. മൈക്കിൾ, കെ.ഐ. കുഞ്ഞച്ചൻ, രാജീവ് നെല്ലിക്കുന്നേൽ, വ്യപാരി വ്യവസായി പ്രതിനിധികളായ എൻ.പി. തോമസ്, സെബാസ്റ്റ്യൻ വാളംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.