പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ഇന്ന്
1575492
Sunday, July 13, 2025 11:42 PM IST
പാലാ: പാലാ രൂപത ആവിഷ്കരിച്ച കര്‍ഷക ശക്തീകരണ പദ്ധതിയായ കര്‍ഷക ബാങ്കിന്റെ പത്താം വാര്‍ഷിക വേളയില്‍ കാര്‍ഷിക മൂല്യവര്‍ധിത സംരംഭമായ പാലാ സാൻതോം ഫുഡ്സ് ഫാക്ടറി യാഥാര്‍ഥ്യമാവുന്നു. രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസിലാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. ഫാക്ടറിയുടെ ഉദ്ഘാടനം ഇന്നു നടക്കും.
രൂപതയുടെ പ്ലാറ്റിനം ജൂബിലി ഓര്‍മപ്പെടുത്തിക്കൊണ്ട് 75 വയസായ 75 മാതൃകാ കര്‍ഷകരെ ഉദ്ഘാടനസമ്മേളനത്തില്‍ ആദരിക്കും. രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ കര്‍ഷക കൂട്ടായ്മകള്‍ നടത്തിവരുന്ന മൂല്യവര്‍ധിത ഉത്പന്ന സംരംഭങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ മുന്നേറ്റം.
കര്‍ഷക ബാങ്ക് ആരംഭിച്ചതു മുതല്‍ വിവിധ ഇടവകകളില്‍ കര്‍ഷക ക്ലബുകളും ഉത്പാദക സംഘടനകളും ആരംഭിക്കുന്നതിനും ഈ രംഗത്ത് ബോധവത്കരണം നടത്തുന്നതിനും മുന്‍തൂക്കം നല്‍കിയിരുന്നു. കാര്‍ഷിക മേഖല വിവിധങ്ങളായ കാരണങ്ങളാല്‍ തളരുന്ന കാലഘട്ടത്തിലാണ് കര്‍ഷകര്‍ക്ക് കൈത്താങ്ങും ആത്മവിശ്വാസവും പകര്‍ന്ന് കര്‍ഷകബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി രൂപത മുന്നോട്ടുപോകുന്നത്. മുണ്ടുപാലത്ത് ആറ് ഏക്കറോളം സ്ഥലമാണ് കാര്‍ഷിക മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപതാകേന്ദ്രത്തില്‍ നിന്നും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചത്.
ആശീര്‍വാദകര്‍മം
സാന്തോം ഫുഡ് ഫാക്ടറിയുടെ ആശീര്‍വാദകര്‍മം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ സഹകാര്‍മികരാകും.
ഉദ്ഘാടനം
ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും ഫാക്ടറിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദും നിര്‍വഹിക്കും. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് പദ്ധതി വിശദീകരിക്കും.
എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാണ്ടി ഉമ്മന്‍ എന്നിവരും പി.സി. ജോര്‍ജ്, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മാനേജിംഗ് ഡയറക്ടര്‍ എസ്. രാജേഷ്കുമാര്‍, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് മാനേജിംഗ് ഡയറക്ടര്‍ സജി ജോണ്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് സി, വ്യവസായവകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ വി.ആര്. രാജേഷ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനി ജോര്‍ജ്, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ലെന്‍സി തോമസ്, കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ് ആലയ്ക്കല്‍, സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് സിബി മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
വാര്‍ഷിക പൊതുയോഗം
പാലാ സാന്തോം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ഷികപൊതുയോഗം രാവിലെ 11ന് ആരംഭിക്കും. ചെയര്മാന് സിബി മാത്യു അധ്യക്ഷത വഹിക്കും. പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടം ചെയ്യും.
കര്‍ഷക സംവാദം
1.30ന് കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ച കര്‍ഷകസംവാദം നടക്കും. സ്റ്റീല്‍ ഇന്ത്യ ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ സംവാദം ഉദ്ഘാടനം ചെയ്യും.
ഇന്‍ഫാം രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് തറപ്പേല്‍ മോഡറേറ്ററാകും. ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, എഫ്പിഒ ഡിവിഷന് മാനേജരും പിഎസ്ഡബ്ല്യുഎസ് പിആര്‍ഒയുമായ ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
കര്‍ഷകരില്‍നിന്നു വിളകള്‍ സംഭരിക്കും
ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവര്‍ഗങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് സംഭരിക്കും. ആഭ്യന്തര വിപണി മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ചുകൊണ്ട് ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുവാനുള്ള ഉദ്യമത്തിനു കൂടിയാണ് ഇതോടെ തുടക്കമാകുന്നത്.
ഇടവകകള്‍ തോറും പ്രവര്‍ത്തിക്കുന്ന കര്‍ഷക ഉത്പാദക സംഘടനകള്‍, കമ്പനികള്‍, കര്‍ഷക ദള ഫെഡറേഷനുകള്‍, ഫാര്‍മേഴ്സ് ക്ലബുകള്‍, സ്വാശ്രയസംഘങ്ങള്‍ തുടങ്ങിയവര്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങൾ തനതു ബ്രാൻഡില്‍ വിപണിയിലെത്തിക്കും.
നൂതന സാങ്കേതിക വിദ്യയും യന്ത്രസാമഗ്രികളും
നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചുകൊണ്ടുള്ള മൂല്യവര്‍ധിത സംരംഭമാണ് ഇവിടെയുള്ളത്. ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ 18 യന്ത്രസാമഗ്രികളാണ് ഫാക്ടറിയില്‍ ആരംഭഘട്ടത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിളകൾ പഴുപ്പിക്കാന്‍ സാധ്യമാകുന്ന ഡ്രൈപ്പണിംഗ് ചേംബര്‍ ഒരു ഭാഗത്തുള്ളപ്പോള്‍ കാര്‍ഷികവിളകളും ഉത്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന ഫ്രീസര്‍ യൂണിറ്റ് ഗോഡൗണ്‍ ഉണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. 45,000 കിലോയോളം ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും.
എണ്ണയുടെ അമിതമായ ഉപയോഗം ഒഴിവാക്കി വാക്വം ഫ്രയര്‍ യൂണിറ്റിലൂടെ പലഹാരങ്ങള്‍ നിര്‍മിക്കുവാനുള്ള ഉപകരണങ്ങളും ഇവിടെയുണ്ട്. ഡീഹൈഡ്രേഷന് ടെക്നോളജിയിലൂടെ കാര്‍ഷിക വിളകളും ഉത്പന്നങ്ങളും ഉണക്കി സംസ്കരിക്കുവാനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും ഫാക്ടറിയില്‍ ക്രമീകരിച്ചിരിക്കുന്നു.
1.റൈസ് വാഷര്‍- അരിയില്‍ അടങ്ങിയിരിക്കുന്ന പൊടി, അഴുക്കുകള്‍, അധിക സ്റ്റാര്‍ച്ച്, കീടനാശിനി അവശിഷ്ടങ്ങള്‍ എന്നിവ പൂര്‍ണമായും നീക്കം ചെയ്യുന്നു.
2. ബോക്സ് സ്റ്റീമര്‍ - നിയന്ത്രിത നീരാവി ഉപയോഗിച്ച് അരി, പച്ചക്കറികള്‍ എന്നിവ പാകം ചെയ്യുന്നതിനും അണുവിമുക്തമാക്കുന്നതിനും ഉപയോഗിക്കുന്നു.
3. പള്‍വറൈസര്‍ - അരി, മുളക്, പയറുവര്‍ഗങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ സൂക്ഷ്മമായി പൊടിയാക്കി ഏകീകൃത ടെക്സ്ചര്‍ ഉണ്ടാക്കുന്നു.
4. ഇലക്ട്രിക് റോസ്റ്റര്‍ - അരിപ്പൊടി, മസാലകള്‍, വിത്തുകള്‍, കാപ്പി എന്നിവയുടെ റോസ്റ്റിംഗിലൂടെ സ്വാദും സുഗന്ധവും വര്‍ധിപ്പിക്കുന്നു.
5. റെക്ടാംഗിള്‍ ഷിഫ്റ്റര്‍ -പൊടിയാക്കിയ വസ്തുക്കളെ വിവിധ മെഷ് സൈസുകളിലൂടെ ഗ്രേഡ് ചെയ്ത് ഏകീകൃത കണികാ വലുപ്പം ഉറപ്പാക്കുന്നു.
6. ബ്ലാഞ്ചര്‍ - പച്ചക്കറികളും പഴങ്ങളും നിയന്ത്രിത ചൂടുവെള്ളത്തില്‍ ഹ്രസ്വകാലത്തേക്ക് മുക്കി എന്‍സൈം പ്രവര്‍ത്തനം നിര്‍ത്തുന്നു. നിറവും പോഷകങ്ങളും സംരക്ഷിക്കുന്നു.
7. പള്‍പ്പര്‍ -പഴങ്ങളില്‍നിന്ന് വിത്തുകള്‍, തൊലി, ഫൈബര്‍ എന്നിവ വേര്‍തിരിച്ച് ശുദ്ധവും മിനുസമാര്ന്നതമായ പള്‍പ്പ് ഉത്പാദിപ്പിക്കുന്നു.
8. ഫ്രൂട്ട് മില്‍ -പഴങ്ങളെ യൂണിഫോം മെഷിലൂടെ പാസ് ചെയ്ത് ഫൈന്‍ പള്‍പ്പ് ഉത്പാദിപ്പിക്കുന്നു.
9. ഹൊമജനൈസര് - ജ്യൂസ്, മില്‍ക്ക് പ്രൊഡക്ടുകള്‍, ബിവറേജുകള്‍ എന്നിവയില്‍ ഏകീകൃതമായ ടെക്സ്ചറും സ്ഥിരതയും ഉണ്ടാക്കുന്നു.
10. റൈപ്പനിംഗ് ചേംബര്‍-പഴങ്ങളെ നിയന്ത്രിത പരിസ്ഥിതിയില്‍ ഏകീകൃതമായി പഴുപ്പിക്കുന്നതിനുള്ള അത്യാധുനിക സംവിധാനം.
11. വാക്ക്-ഇന്‍ ചില്ലര്‍ - ഫ്രഷ് പ്രൊഡക്ടുകളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും വലിയ അളവില്‍ ചെറുചൂടില്‍ സൂക്ഷിക്കുന്നതിനുള്ള പ്രീമിയം സംഭരണ സംവിധാനം.
12. ബ്ലാസ്റ്റ് ഫ്രീസര്‍- ഭക്ഷ്യവസ്തുക്കളെ റാപ്പിഡ് ഫ്രീസിംഗ് ടെക്നോളജി ഉപയോഗിച്ച് അതിവേഗം ശീതീകരിക്കുന്നു.
13. വാക്ക്-ഇന്‍ ഫ്രീസര്‍- ഫ്രോസണ്‍ ഫുഡ് പ്രൊഡക്ടുകളുടെ നീണ്ടകാല സംഭരണത്തിനുള്ള ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് ഫ്രീസിംഗ് സൊല്യൂഷന്.
14. ഹീറ്റ് പമ്പ് ഡ്രയര്‍- കുറഞ്ഞ താപനിലയില്‍ ഭക്ഷ്യവസ്തുക്കളെ ഡിഹൈഡ്രേറ്റ് ചെയ്യുന്നതിലൂടെ പോഷകങ്ങളും സ്വാഭാവിക നിറവും രുചിയും സംരക്ഷിക്കുന്നു.
15. വാക്വം ഫ്രൈയര്‍ -വാക്വം അന്തരീക്ഷത്തില്‍ കുറഞ്ഞ താപനിലയില്‍ ഫ്രൈയിംഗ് നടത്തുന്നതിലൂടെ ആരോഗ്യകരവും പോഷകസമ്പന്നവുമായ സ്നാക്ക് ഫുഡുകള്‍ ഉത്പാദിപ്പിക്കുന്നു.
പാലായുടെ കാര്‍ഷിക ഭൂപടത്തിലെ പുതിയ അധ്യായം
സാന്തോം ഫുഡ് ഫാക്ടറി പാലായുടെ കാര്‍ഷിക ഭൂപടത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്നു. പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ അധ്വാനമഹത്വത്താല് മണ്ണില്‍ പൊന്നുവിളയിച്ച പാലാ രൂപതയിലെ 75 കര്‍ഷകര്‍ക്ക് രൂപതയുടെ സ്നേഹാദരം. ഫാക്ടറിയുടെ ഉദ്ഘാടന സമ്മേളനമധ്യേ കാര്‍ഷികരംഗത്തു മാതൃകാപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വൈദികരെയും സിസ്റ്റര്‍മാരെയും മാതൃകാ കര്‍ഷകരെയും മെമന്റോ നല്കി ആദരിക്കും. കാര്‍ഷികരംഗത്ത് ഉത്തമ മാതൃകകളായ കര്‍ഷക കൂട്ടായ്മകള്കളെയും തദവസരത്തില്‍ ആദരിക്കും. പങ്കാളികളാവാന്‍ ഏവരേയും ഹൃദയപൂര്‍വം ക്ഷണിക്കുന്നു.
ഫാ. തോമസ് കിഴക്കേൽ
(ഡയറക്ടര്‍, പിഎസ്ഡബ്ല്യുഎസ്, പാലാ സാന്തോം എഫ്പിഒ ആൻഡ് കോ ഓര്‍ഡിനേറ്റര്‍, രൂപതാ ഫാര്‍മേഴ്സ് മൂവ്മെന്റ്)