കമ്യൂണിറ്റി ടൂറിസം കണ്ടുപഠിക്കാന്‍ സിക്കിം പഠനസംഘം കുട്ടനാട്ടില്‍
1575731
Monday, July 14, 2025 7:32 AM IST
ചങ്ങനാശേരി: കുടുംബശ്രീ മിഷന് കുട്ടനാടന്‍ മേഖലയില്‍ നടപ്പിലാക്കുന്ന കമ്യൂണിറ്റി ടൂറിസം കണ്ടുപഠിക്കാന്‍ സിക്കിം സ്റ്റേറ്റ് റൂറല്‍ ലൈവ്ലിഹുഡ് മിഷന് ടീം കുട്ടനാട്ടിലെത്തി. കുടുംബശ്രീ മിഷന്റെ ആലപ്പി റൂട്സ് കമ്യൂണിറ്റി ടൂറിസം ടീമിന്റെ ആതിഥേയത്വത്തിലെത്തിയ 19 അംഗ സംഘത്തെ ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷന് കോഓര്‍ഡിനേറ്റര്‍ രഞ്ജിത്ത്, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ സി.എം. അഷിത, കേരള പ്രോഗ്രാം പ്രോജക്ട് മെന്റര്‍ ഷെല്‍ബി പി. സ്ലീബാ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പരഘ ബ്ലോക്ക് പ്രോജക്റ്റ് മാനേജര്‍ ഷെറിംഗ് ചോടാ ലെപ്ച്ച ആണ് സിക്കിം സംഘത്തെ നയിക്കുന്നത്. സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന്റെ ബ്ലോക്ക് എന്റര്‍പ്രൈസ് പ്രൊമോഷന് കമ്മിറ്റിയംഗങ്ങളും കമ്യൂണിറ്റി റിസോഴ്സ് അംഗങ്ങളുമാണ് സിക്കിം ടീമില്‍ ഉള്ളത്.
സംസ്ഥാനത്ത് കമ്യൂണിറ്റി ടൂറിസം ആദ്യഘട്ടം നടപ്പിലാക്കുന്ന കൈനകരി, കാവാലം, നീലംപേരൂര്‍, ചമ്പക്കുളം പഞ്ചായത്തുകൾ സംഘം സന്ദര്‍ശിച്ചു. ഓരോ പഞ്ചായത്തിലും ഊഷ്മള സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. കുടുംബശ്രീ കമ്യൂണിറ്റി ടൂറിസത്തിന്റെ ഹോംസ്റ്റേകളില്‍ താമസിച്ചും വിവിധങ്ങളായ സംരംഭങ്ങള്‍ സന്ദര്‍ശിച്ചും സംഘം പഠനം നടത്തി.
തഴപ്പാ നെയ്ത്ത്, പട്ടം പറത്തല്‍, വലവീശല്‍, നാടന്‍ കലകൾ, കളരി സംഘം എന്നിവ സംഘത്തിന് ആവേശം പകര്‍ന്നു. കാവാലത്തെത്തിയ സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. സത്യദാസ് സ്വീകരിച്ചു. കാവാലം എന്‍എസ്എസ് ഹൈസ്കൂളിലെ കുട്ടികള്‍ കാവാലം നാരായണപണിക്കര്‍ രചിച്ച ഗാനം ആലപിച്ചു.
നീലംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. തങ്കച്ചന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളും ഹരിതകര്‍മസേന അംഗങ്ങളുമായി സംഘം സംവദിച്ചു.