പശുക്കളെ കിട്ടാനില്ല; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍
1575494
Sunday, July 13, 2025 11:42 PM IST
കോട്ടയം: ക്ഷീരമേഖലയിലേക്ക് ഇറങ്ങുന്ന കര്‍ഷകര്‍ക്ക് പശുക്കളുടെ ലഭ്യതക്കുറവും അധിക വിലയും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുന്‍കാലങ്ങളില്‍ 10 ലിറ്റര്‍ പാല് ലഭിക്കുന്ന പശുക്കള്‍ 50,000 രൂപയില്‍ താഴെയുള്ള വിലയ്ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് 80,000 രൂപയ്ക്ക് മുകളിൽ വില ഉയര്‍ന്നിരിക്കുകയാണ് ചെലവ് വലിയ തോതില്‍ കൂടിയതോടെ ക്ഷീര മേഖലയിലെ പ്രതിസന്ധി മൂലം ചെറുകിട കര്‍ഷകര്‍ വ്യാപകമായി പശുക്കളെ വിറ്റ് ക്ഷീരമേഖലയോട് വിടപറഞ്ഞു.
ക്ഷീര കര്‍ഷകര്‍ ഇല്ലാതായതോടെ വിപണിയില്‍ നാടന്‍ പാലിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു. നിലവില്‍ കര്‍ഷകര്‍ നേരിട്ട് ഉപയോക്താക്കള്‍ക്ക് വില്പന നടത്തിയാല്‍ ലിറ്ററിനു 60 രൂപയ്ക്കു മുകളില്‍ ലഭിക്കുന്നുണ്ട്. ക്ഷീരവകുപ്പ് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ സബ്സിഡി പദ്ധതികള്‍കൂടി പ്രഖ്യാപിച്ചതോടെ ഈ മേഖലയിലുള്ള സാധാരണ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.
ഇന്നു ക്ഷീരമേഖലയില്‍ നീല്ക്കുന്നവരില് 80 ശതമാനവും 10 പശുക്കള്‍ക്കു മുകളില്‍ വളര്‍ത്തുന്നവരാണ്. ഇവര്‍ക്ക് കന്നുകുട്ടികളെ വളര്ത്തികൊണ്ടുപോകുന്നത് ലാഭകരമല്ലാത്തതിനാല്‍ വില്പന നടത്തുകയാണ് പതിവ്. കന്നുകുട്ടികളെ പരിപാലിക്കാന്‍ സര്‍ക്കാരും കാര്യമായ സഹായം ചെയ്യുന്നില്ല. ഈ കിടാക്കളെല്ലാം തമിഴ്നാട്ടിലേക്കാണ് കയറി പോകുന്നത്.
നിലവില്‍ പശുക്കളെ ലഭിക്കണമെങ്കില്‍ തമിഴ്നാടിനെയോ കര്‍ണാടകയെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിച്ചതായി അറിഞ്ഞതോടെ ഇടനിലക്കാര്‍ ഉയര്‍ന്ന വില വാങ്ങി ഗുണനിലവാരമില്ലാത്ത പശുക്കളെ കര്‍ഷകരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നീക്കം തുടങ്ങിയിരിക്കുകയാണ്. സാധാരണക്കാരായ കര്‍ഷകരെ പശുക്കച്ചവടക്കാരുടെ ചൂഷണത്തിലേക്ക് തള്ളിവിടാതെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ക്ഷീര വകുപ്പിന്റെ നേതൃത്വത്തില്‍ പശുക്കളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ലാ ചെയര്മാന് എബി ഐപ്പ് ആവശ്യപ്പെട്ടു.