സ്മാർട്ട് കാഞ്ഞിരപ്പള്ളി: വികസന സെമിനാർ നടത്തി
1575504
Sunday, July 13, 2025 11:43 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ - സ്മാർട്ട് കാഞ്ഞിരപ്പള്ളി സംഘടിപ്പിച്ചു. വികസന സങ്കല്പത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടു പ്രായോഗിക വികസന കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി സമൂഹത്തിന്റെ സ്ഥായിയായ വികസനത്തിന് ഉപകരിക്കപ്പെടുന്ന പദ്ധതികളും നിർദേശങ്ങളുമാണ് സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്.
കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി സെമിനാർ ഉദ്ഘാടനം ചെയ്തു. സീനിയർ മാധ്യമപ്രവർത്തകനും യൂട്യൂബറുമായ ജോ എ. സ്കറിയ മോഡറേറ്ററായി നടന്ന ചർച്ചയിൽ അമൽജ്യോതി കോളജിലെ പ്രഫ. തോമസ് വർക്കി ജീവിത ഗുണനിലവാര വിശകലനത്തെക്കുറിച്ചും കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ റിസർച്ച് ഗൈഡ് ഡോ. ജയമോള്‍ ജെയിംസ് സാമൂഹ്യ ശാക്തീകരണം കാഞ്ഞിരപ്പള്ളിക്ക് ഒരു വികസന മാതൃക എന്നതിനെക്കുറിച്ചും പിടി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ജോസ് കല്ലറക്കൽ ജനജീവിതം സുഖമാകാൻ ചില ക്ഷേമ സംരംഭങ്ങൾ എന്നതിനെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മുടക്കക്കുഴി, പഞ്ചായത്തംഗങ്ങളായ മഞ്ജു മാത്യു, ബിജു പത്യാല, വി. രാജൻ എന്നിവർ സെമിനാറിൽ പങ്കെടുത്ത് പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസുകുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശേരി. ഡോ.ബെന്നി ജോർജ്, ശ്രീ ടോമി നീറിയാങ്കല്‍, സെബാസ്റ്റ്യൻ എള്ളുകുന്നേൽ, റെജി കൊച്ചുകരിപ്പാപറമ്പിൽ, ഫിലിപ്പ് പള്ളിവാതുക്കൽ എന്നിവർ നേതൃത്വം നൽകി.