വിദ്യാലയ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്ന സർക്കാർനയം പ്രതിഷേധാർഹമെന്ന്
1575193
Sunday, July 13, 2025 2:50 AM IST
പൊൻകുന്നം: വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പേരുപറഞ്ഞ് സ്കൂൾ വിദ്യാഭ്യാസത്തെ മൂന്ന് സമയക്രമങ്ങളിലേക്കു മാറ്റി വിദ്യാലയ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്ന സർക്കാർനയം പ്രതിഷേധാർഹമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു രൂപ പോലും കണ്ടിൻജൻസി തുക വർധിപ്പിക്കാതെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം പ്രഥമാധ്യാപകരുടെ ചെലവിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിനെതിരേ ക്യാമ്പ് പ്രമേയം പാസാക്കി.
ജില്ലാ പ്രസിഡന്റ് സാബു ജേക്കബിന്റെ അധ്യക്ഷതയിൽ റവന്യു ജില്ലാ പ്രസിഡന്റ് ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഷാജിമോൻ, സംസ്ഥാന സമിതിയംഗം ജോസുകുട്ടി ജേക്കബ്, ജില്ലാ ട്രഷറർ ടോമി ജേക്കബ്, യോഗേഷ് ജോസഫ്, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഈരാറ്റുപേട്ട എന്നീ ഉപജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.