എട്ടുനോമ്പാചരണം: കുറവിലങ്ങാട്ട് ഒരുക്കങ്ങൾ ആരംഭിച്ചു
1575500
Sunday, July 13, 2025 11:43 PM IST
കുറവിലങ്ങാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയാണ് നോമ്പാചരണം. എട്ടിന് ദൈവമാതാവിന്റെ ജനനത്തിരുനാൾ ആഘോഷവും നടക്കും.
നോമ്പാചരണത്തിന് ഒരുക്കമായി ഓഗസ്റ്റ് 28, 29, 30, 31, സെപ്റ്റംബർ ഒന്നുവരെ തീയതികളിലായി വചനപ്രഘോഷണം നടക്കും. പത്താമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന് നേതൃത്വം നൽകുന്നത് ഫാ. സേവ്യർഖാൻ വട്ടായിലാണ്. റവ.ഡോ. ജോസഫ് തടത്തിൽ വികാരിയായിരിക്കെ ആരംഭിച്ച ബൈബിൾ കൺവൻഷൻ ഒരു പതിറ്റാണ്ട് പിന്നിടുന്നുവെന്നതും പ്രത്യേകതയാണ്. റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ ആർച്ച്പ്രീസ്റ്റായിരിക്കെ കോവിഡ് കാലയളവിൽപ്പോലും കൺവൻഷൻ മുടക്കമില്ലാതെ തുടർന്നാണ് പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നത്.
എട്ടുനോമ്പാചരണത്തിന്റെയും അഭിഷേകാഗ്നി കൺവൻഷന്റെയും ഒരുക്കങ്ങൾക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു.