മറയൂരിന്റെ കാട്ടുപാതയിൽ പൂത്തുവിരിഞ്ഞ് ഗ്ലോറി ഓഫ് ലില്ലി
1575371
Sunday, July 13, 2025 7:27 AM IST
മറയൂർ: ജില്ലയിലെ മറയൂർ മേഖലയിലെ ചിന്നാറിൽനിന്ന് തായണ്ണൻകുടിയിലേക്കുള്ള കാട്ടുപാതയിൽ, സിംബാബ്വേയുടെ ദേശീയ പുഷ്പമായ ഗ്ലോറിയോസ സൂപ്പർബ പൂത്തുലഞ്ഞു. സാധാരണ ഗ്ലോറി ഓഫ് ലില്ലി എന്നും തമിഴിൽ കാനൂൽ പൂ എന്നും ഈ വള്ളിച്ചെടി അറിയപ്പെടുന്നുണ്ട്. ഇതിന്റെ പൂക്കൾക്ക് 4.4 സെന്റീമീറ്റർ വലിപ്പമുണ്ട്, ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിൽ കാണപ്പെടുന്ന പൂക്കൾ ആകർഷണീയമാണ്.
പൂവിന്റെ ഇതളുകൾ നീളമേറിയതും വളഞ്ഞതുമാണ്, ഇത് ചെടിക്ക് കൂടുതൽ ഭംഗി നൽകുന്നു. ഈ ചെടി സാധാരണയായി 2900 അടി ഉയരത്തിൽ താഴെയുള്ള വനപ്രദേശങ്ങളിലും പുൽമേടുകളിലുമാണ് വളരുന്നത്. ഉയർന്ന മലനിരകളിൽ ഇവയുടെ വളർച്ച കുറവാണ്. ഔഷധഗുണമുള്ള ഇത് പരന്പരാഗത വൈദ്യത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിന്റെ വേര്, ഇല, വിത്ത് എന്നിവയെല്ലാം ഔഷധഗുണമുള്ളതാണ്. വാതം, വേദന, ചർമരോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്.
എന്നാൽ ഈ ചെടിയിൽ കോൾചിസിൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ ഔഷധനിർമാണത്തിൽ ശ്രദ്ധാപൂർവം മാത്രമേ ഉപയോഗിക്കാവൂ. മറയൂരിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടി മേഖലയിലെ പുൽമേടുകളിലും വനപാതകളിലും ഗ്ലോറി ഓഫ് ലില്ലി ഇതുവഴി സഞ്ചരിക്കുന്നവർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു.
ചിന്നാറിൽനിന്ന് തായണ്ണൻകുടിയിലേക്കുള്ള വഴിയിലാണ് ഇവ കൂടുതലായും പൂവിട്ടുനിൽക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കൂടുതലായും ഇവ പുഷ്പിക്കുന്നത്.