വളര്‍ത്തുമൃഗങ്ങളുടെ വന്ധ്യംകരണം : സഞ്ചരിക്കുന്ന ഓപ്പറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി
1575779
Monday, July 14, 2025 11:54 PM IST
കോട്ടയം: ജില്ലയിലെ വളര്‍ത്തുമൃഗങ്ങളുടെ വന്ധ്യംകരണത്തിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഓപ്പറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. റീബില്‍ഡ് കേരള ഇനിഷേറ്റീവിന്റെ ഭാഗമായിട്ടാണ് ജില്ലയില്‍ ആറിടത്തു സേവനം ലഭ്യമാക്കുക. നിലവില്‍ കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വന്ധ്യംകരണത്തിനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി വെറ്ററിനറി കേന്ദ്രങ്ങളിലും വാഴൂര്‍, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍ എന്നീ മൃഗാശുപത്രികളിലുമാണു മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുന്നത്.
വളര്‍ത്തുനായ്ക്കള്‍, പൂച്ച എന്നിവയുടെ വന്ധ്യംകരണമാണു പ്രധാനമായും നടത്തുന്നുത്. വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ അതാതു കേന്ദ്രങ്ങളില്‍ എത്തി പേരു രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ച് ഉടമസ്ഥരെ അറിയിക്കും. ഈ ദിവസം വളര്‍ത്തുമൃഗങ്ങളുമായി ഉടമസ്ഥര്‍ എത്തണം.
മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ ആംബുലന്‍സ്, രണ്ടു ഡോക്ടര്‍മാര്‍, സര്ജന്, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ എന്നിവരാണുള്ളത്. വന്ധ്യംകരണത്തിനു പുറമേ സിസേറിയന്, മുഴകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ശസ്ത്രക്രിയകളും നടത്തുമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസാണ് ഈടാക്കുന്നതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജ് കുമാര്‍ പറഞ്ഞു. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് നായ്ക്കള്‍ക്ക് 2,500 രൂപയും പൂച്ചകള്‍ക്ക് 1,500 രൂപയുമാണ്.