തകർച്ചാഭീഷണിയിലായ കെട്ടിട സമുച്ചയം പൊളിച്ചു നീക്കണം
1575728
Monday, July 14, 2025 7:32 AM IST
തലയോലപ്പറമ്പ്: കാലപ്പഴക്കത്താൽ ജീർണിച്ച തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയകെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായി. തകർച്ചാ ഭീഷണി നേരിടുന്ന കെട്ടിടത്തിൽ എൻജിനിയറിംഗ് വിഭാഗം, കുടുംബശ്രീ ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറികളിൽ വ്യാപാര സ്ഥാപനങ്ങളുമുണ്ട്.
എൽഎസ്ജിഡി എൻജിനിയറിംഗ് വിഭാഗം കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്ന് കാട്ടി ഒന്നരവർഷം മുമ്പ് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല. 50 വർഷത്തിനു മുകളിൽ പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും വിണ്ടടർന്ന് തുരുമ്പിച്ച കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയിലാണ്.
ബലക്ഷയത്തെത്തുടർന്ന് 2018 ൽ കൂടുതൽ തൂണുകൾ സ്ഥാപിച്ചാണ് കെട്ടിടം താങ്ങി നിർത്തിയിരിക്കുന്നത്. വലിയ ദുരന്തമൊഴിവാക്കാൻ തകർച്ചാ ഭീഷണിയിലായ കെട്ടിടസമുച്ചയം പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.