ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചുകയറി കുട്ടി മരിച്ച സംഭവത്തിൽ പോലീസ് കേസടുത്തു
1575496
Sunday, July 13, 2025 11:42 PM IST
ഈരാറ്റുപേട്ട: വാഗമണ്ണിൽ ചാർജിംഗ്സ്റ്റേഷനിൽ കാറിടിച്ചുകയറി നാലുവയസുകാരൻ മരണപ്പെട്ട സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശിയായ ജയകൃഷ്ണനെതിരെയാണ് പോലീസ് കേസെടുത്തത്. വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ എറണാകുളത്ത് അഭിഭാഷകനാണെന്നു പറയപ്പെടുന്നു.കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. പാലായിൽ എൽകെജി വിദ്യാർഥിയായിരുന്നു മരണമടഞ്ഞ അയാൻ.
അതേസമയം സംഭവത്തിൽ പോലീസ് അനാസ്ഥ കാട്ടിയതായി നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്ന ഉടനെ സംഭവം നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. ഇയാളെ പിടിച്ചുനിർത്താനും പോലീസ് നിർദേശിച്ചു. എന്നാൽ ജയകൃഷ്ണൻ ബഹളം വച്ചതോടെ വണ്ടി നമ്പർ എഴുതിയെടുത്ത് വാഹനം വിട്ടയക്കാൻ പോലീസ് നിർദേശിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ വാഹനം പരിശോധിക്കാനോ ഇയാൾ മദ്യപിച്ചതാണോ എന്ന് മെഡിക്കൽ ചെക്കപ്പ് നടത്താനോ സാധിച്ചില്ല. കുട്ടി മരിച്ചതിനെ തുടർന്ന് പോലീസ് അറിയിച്ചതോടെയാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചത്.