വാഴൂർ പഞ്ചായത്ത് പഴയ ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിൽ
1575368
Sunday, July 13, 2025 7:27 AM IST
വാഴൂർ: അപകടാവസ്ഥയിൽ നിൽക്കുന്ന വാഴൂർ പഞ്ചായത്തിന്റെ പഴയ ഷോപ്പിംഗ് കോംപ്ലക്സ് ഉടൻ പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
കോംപ്ലക്സിന്റെ മുകളിലെ നിലയിൽ ചോർച്ചയും കോൺക്രീറ്റ് അടർന്നുവീഴുന്ന സ്ഥിതിയിലുമാണ്. കെട്ടിടത്തിന്റെ ഭിത്തിക്കു വിള്ളലുണ്ട്. കോൺക്രീറ്റ് താഴേക്ക് അടർന്നുവീണ് അപകടം ഉണ്ടാകാതിരിക്കാൻ ഇരുമ്പുവല സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഇതിന്റെ മുന്പിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും കാൽനട യാത്രക്കാർ റോഡിന്റെ എതിർവശം വഴി മാത്രമേ പോകാവൂവെന്നും നിർദേശിച്ചു പഞ്ചായത്ത് കോംപ്ലക്സിന്റെ മുന്പിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
അഞ്ചു വ്യാപാര സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 30 വർഷം മുന്പ് നിർമിച്ച മൂന്നു നില ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലെ നിലയിൽ ചോർച്ചയുണ്ടായി കോൺക്രീറ്റ് അടർന്നുവീഴാൻ തുടങ്ങിയതോടെ എട്ടു വർഷംമുന്പ് കോംപ്ലക്സ് കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി കരാർ ചെയ്യുകയും ചെയ്തിരുന്നു.
എൻജിനിയറിംഗ് വിഭാഗം അറ്റകുറ്റപ്പണി നടത്തരുതെന്നും കെട്ടിടം പൊളിച്ചുമാറ്റണമെന്നും നിർദേശിച്ചതോടെ പദ്ധതി നടന്നില്ല. കെട്ടിടം പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരേ കോംപ്ലക്സിലെ വ്യാപാരികൾ കോടതിയെ സമീപിച്ചു. കെട്ടിടത്തിന്റെ താഴത്തെ നില ഒഴിച്ചുള്ള ഭാഗം പൊളിച്ചുനീക്കി വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കാമെന്നു തീർപ്പാക്കിയിരുന്നു.
എൻജിനിയറിംഗ് വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയിൽ കെട്ടിടത്തിന്റെ താഴത്തെ നിലമാത്രം നിർത്തി പൊളിച്ചു മാറ്റുമ്പോൾ താഴത്തെ നിലയ്ക്കു ബലക്ഷയം ഉണ്ടാകുമെന്നും കെട്ടിടം പൂർണമായി പൊളിച്ചുനീക്കണമെന്നും നിർദേശിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി പറഞ്ഞു. 15നു പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടു കെട്ടിടത്തിലെ കടയുടമകൾക്കു നോട്ടീസ് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.