വാഴൂര്‍, കവിയൂര്‍ റോഡുകളിലെ റെയില്‍വേ മേല്‍പ്പാലങ്ങളുടെ അപ്രോച്ച്ഭാഗം അപകടാവസ്ഥയില്‍
1575723
Monday, July 14, 2025 7:21 AM IST
ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനടുത്തും കവിയൂര്‍ റോഡില്‍ ഫാത്തിമാപുരത്തുമുള്ള റെയില്‍വേ മേല്‍പ്പാലങ്ങളും അപ്രോച്ചുമായി ചേരുന്ന ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ ഭാഗത്ത് റോഡ് തകര്‍ന്നത് ഇരുചക്രവാഹനങ്ങളടക്കം വാഹനസഞ്ചാരികള്‍ക്ക് അപകടഭീഷണിയാണ്. നേരത്തെ ഗട്ടറായിക്കിടന്ന ഈ ഭാഗത്ത് അടുത്തിടെ താത്കാലികമായി ടാറിട്ടെങ്കിലും ഇതു വാഹനങ്ങള്‍ക്ക് ഏറെ ദുരിതത്തിനു കാരണമാണ്.
കഴിഞ്ഞദിവസം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥസംഘം ചങ്ങനാശേരി റെയില്വേസ്റ്റേഷന് സന്ദര്‍ശിച്ചപ്പോള്‍ ഇതുസബന്ധിച്ച് ആളുകള്‍ പരാതി നല്‍കിയിരുന്നു.
ഈ വിഷയം പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമെന്ന് എംപി ഉറപ്പു നല്‍കിയിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.