ലക്ഷങ്ങൾ പാഴായി; എരുമേലിയിലെ അറവുശാല നശിക്കുന്നു
1575196
Sunday, July 13, 2025 2:50 AM IST
എരുമേലി: ലക്ഷങ്ങൾ പാഴാക്കി നിർമിച്ച എരുമേലിയിലെ അറവുശാല ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നു.കശാപ്പുമുതല് മാലിന്യസംസ്കരണം വരെ എല്ലാ പ്രക്രിയകളും നടത്താൻ സജ്ജമാക്കിയ ഒരൊറ്റ ഉപകരണം പോലും ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. പ്രതിദിനം പത്തുമുതല്‍ 15 കന്നുകാലികളെ വരെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം തുരുമ്പുപിടിച്ച നിലയിലാണ്.
അതേസമയം, ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കിയെന്നു പഞ്ചായത്ത് വികസന രേഖയിൽ കാണാം. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള മാംസം ഉത്പാദിപ്പിച്ചു വിപണിയില്‍ എത്തിക്കുന്നുവെന്നാണ് വികസന രേഖയിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ഒരിക്കൽ പോലും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
പതിനഞ്ചു വർഷം മുന്‍പ് നേർച്ചപ്പാറ കമുകിൻകുഴി ഭാഗത്താണ് അറവുശാല നിർമിച്ചത്. ഒന്നരക്കോടിയോളം രൂപ ഇതിനായി ചെലവിട്ടു. നിർമാണം പൂർത്തിയായപ്പോൾ പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ യന്ത്രസംവിധാനങ്ങൾ പരിഷ്കരിക്കാൻ കഴിയുമായിരുന്നു. നിർമാണത്തിനു ശിലയിട്ടത് എൽഡിഎഫ് ഭരണസമിതിയും നിർമാണം നടത്തിയതു യുഡിഎഫ് ഭരണസമിതിയുമാണ്. ഇതിനുശേഷം എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നു. ഇരു പക്ഷങ്ങളും മാറിമാറി ഭരണം നടത്തിയിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത് വികസന പരാജയമായി മാറുകയാണ്.
മാംസംമുറിക്കല്‍, എല്ലുകള്‍ നീക്കം ചെയ്യല്‍, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വേഗത്തില്‍ ചെയ്യാനാകുന്ന മെഷീനുകൾ, ക്രയിൻ എന്നിവയാണ് സ്ഥാപിച്ചിരുന്നത്. കട്ടിംഗ് മെഷീന്, ഹാംഗര്‍, കണ്‍വെയര്‍, സംഭരണസ്ഥലം, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവയെല്ലാം ഒരുക്കിയിരുന്നു.
ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ കന്നുകാലിയുടെ ഭാരം അളന്നു വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള സൗകര്യവും സജ്ജമാക്കിയിരുന്നു. അണുവിമുക്തമാക്കിയ കന്നുകാലികളെ കശാപ്പ് കഴിഞ്ഞാലുടന്‍ തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേര്‍പെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റുന്നതിനും പ്രത്യേകം സംവിധാനമുണ്ടായിരുന്നു. വിവിധ ഘട്ടങ്ങളിലൂടെ നീക്കംചെയ്യുന്ന അറവുമാലിന്യം ഡ്രെയിനേജ് സംവിധാനത്തിലേക്കു മാറ്റുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ ഇതൊന്നും നാളിതുവരെ പഞ്ചായത്ത് ഉപയോഗിച്ചിട്ടില്ല.