ബസ് ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി
1575740
Monday, July 14, 2025 10:37 PM IST
കാഞ്ഞിരപ്പള്ളി: ബസിൽനിന്ന് വീണ് വിദ്യാർഥിനിക്കു പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹനവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി. മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ വിളിച്ചുവരുത്തി ലൈസൻസ് വാങ്ങിവച്ചശേഷമാണ് ഡ്രൈവർക്കും കണ്ടക്ടർക്കും നോട്ടീസ് നൽകിയത്.
ഏഴു ദിവസത്തിനകം അപകടത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് മറുപടി നൽകാനാണ് മോട്ടോർ വാഹനവകുപ്പ് ഡ്രൈവറോടും കണ്ടക്ടറോടും ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
പ്രാഥമികാന്വേഷണത്തിൽ ബസ് ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇന്നലെ ഇവരെ ഓഫീസിൽ വിളിച്ചുവരുത്തി കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. മറുപടി ലഭിച്ച ശേഷം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടായേക്കുമെന്ന സൂചനയാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ നൽകുന്നത്.
സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ അപകടത്തിനിടയാക്കിയ വാഴയിൽ ബസിന്റെ ഡ്രൈവർ അർജുൻ പി. ചന്ദ്രനെതിരേ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തുവച്ച് ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ച് താഴെ വീണ് വിദ്യാർഥിനിക്കു പരിക്കേറ്റത്.