ജനകീയ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുത്: ജോസ് കെ. മാണി
1575495
Sunday, July 13, 2025 11:42 PM IST
കോട്ടയം: സംസ്ഥാനത്തെ മലയോര മേഖലകളിലെ വന്യജീവി ആക്രമണവും നാട്ടിലുടനീളമുള്ള തെരുവുനായ ഭീഷണിയും കേരളം നേരിടുന്ന ഗുരുതരമായ സാമൂഹിക യാഥാര്‍ഥ്യമാണെന്നും അവ ഉന്നയിക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി ചെയ്യാനാകാതെയും കൃഷിയിടങ്ങളില്‍ നിന്നും വിളവെടുക്കാനാകാതെയും മലയോര കര്‍ഷകര്‍ യാതൊരു വരുമാനവും ഇല്ലാത്തവരായി മാറിയിരിക്കുന്നു. നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള അവരുടെ പോരാട്ടങ്ങളില്‍ കേരള കോണ്‍ഗ്രസ്-എം കര്‍ഷകര്‍ക്കൊപ്പമാണ്.
തെരുവിലെ നായക്കൂട്ടങ്ങളുടെ ശല്യം കാരണം ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇപ്പോള്‍ നിലനില്‍ക്കുന്ന രണ്ട് കേന്ദ്ര നിയമങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്താതെ കേരളത്തിന് ഇനി മുന്നോട്ടു പോകാനാവില്ല. കേരള കോണ്‍ഗ്രസ്-എം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതും ഇക്കാര്യമാണെന്നും അതിനെ വക്രീകരിച്ച് ചിത്രീകരിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, വി.ടി. ജോസഫ്, വിജി എം.തോമസ്, ജോസ് ടോം, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി കുഴിഞ്ഞാലി, ജോജി കുറുത്തിയാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.