ശബരി എയര്‍പോര്‍ട്ട് സര്‍വേ ഒന്നാം ഘട്ടം പൂർത്തിയാകുന്നു
1575777
Monday, July 14, 2025 11:54 PM IST
കോട്ടയം: എരുമേലിയില്‍ ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായി മണിമല വില്ലേജിലെ സ്ഥലം സര്‍വേ അവസാനഘട്ടത്തില്‍. എരുമേലി തെക്ക് വില്ലേജ് പരിധിയിലെ സ്ഥലം സര്‍വേ വ്യാഴാഴ്ച ആരംഭിക്കും. സ്ഥലം അളക്കുന്നതിനൊപ്പം അവിടുള്ള കെട്ടിടം, മരങ്ങള്‍ എന്നിവയുടെ കണക്കെടുപ്പും നടത്തുന്നുണ്ട്.
സ്ഥലം ഏറ്റെടുക്കുമ്പോള്‍ പൊന്നുംവില റവന്യു വകുപ്പും മരങ്ങളുടേത് വനംവകുപ്പും കെട്ടിടങ്ങളുടേത് പൊതുമാരാമത്തുമാണ് നിര്‍ണയിക്കുക. സ്വകാര്യവ്യക്തികളുടെ സ്ഥലം സര്‍വേയ്ക്ക് ശേഷമായിരിക്കും രണ്ടു വില്ലേജുകളിലുമായുള്ള ബിലീവേഴ്സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിനു കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍വേ ആരംഭിക്കുക.
എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍നിന്ന് 1039.876 ഹെക്ടറാണ് വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക് വില്ലേജ് ബ്ലോക്ക് നമ്പര്‍ 23ല്‍ ഉള്‍പ്പെട്ട 366 പേരുടെയും മണിമല വില്ലേജ് ബ്ലോക്ക് നമ്പര്‍ 19ല്‍ ഉള്‍പ്പെട്ട 73 പേരുടെയും സ്ഥലങ്ങള്‍, ബ്ലോക്ക് നമ്പര്‍ 22ല്‍ ഉള്‍പ്പെട്ട ഗോസ്പല്‍ ഫോര്‍ ഏഷ്യയും സര്‍ക്കാരും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്ന 811.42 ഹെക്ടര്‍, 22-ാം നമ്പര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട 42.58 ഹെക്ടര്‍, 22-ാം ബ്ലോക്കില്‍ ഉള്‍പ്പെട്ട മലയാളം പ്ലാന്റേഷനു സര്‍ക്കാരും തമ്മില്‍ കോടതിയില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്ന 1.83 ഹെക്ടര്‍, മണിമല വില്ലേജില്‍ 21-ാം ബ്ലോക്കില്‍ ഉള്‍പ്പെട്ടതും ഗോസ്പല്‍ ഫോര്‍ ഏഷ്യയും സര്‍ക്കാരും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം കോടതിയില്‍ നിലനില്ക്കുന്നതുമായ 60.4375 ഹെക്ടർ എന്നിവയാണ് ഏറ്റെടുക്കുന്നത്. ആകെ 352 കുടുംബങ്ങള്‍ക്കാണ് സ്ഥലം നഷ്ടപ്പെടുന്നത്. നാലു മാസത്തിനുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകും.