നിർമാണോദ്ഘാടനങ്ങൾ ജനവഞ്ചന: പ്രിൻസ് ലൂക്കോസ്
1575717
Monday, July 14, 2025 7:21 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾ പൂർത്തീകരിക്കാതെ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം നടത്തി ഏറ്റുമാനൂരിന്റെ ജനപ്രധിനിധി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. പ്രിൻസ് ലൂക്കോസ്.
കുമരകം കോണത്താറ്റ് പാലത്തിന്റെ നിർമാണം നാലു വർഷമായി പൂർത്തീകരിക്കാതെ കിടക്കുന്നതു മൂലം ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിനും ദുരിതങ്ങൾക്കും അറുതിയില്ല. പുന്നത്തുറ കമ്പനിക്കടവ് പാലത്തിന്റെ പൂർത്തീകരണവും അനന്തമായി നീളുകയാണ്. നീണ്ടൂർ പ്രാലേൽ പാലത്തിന്റെ നിർമാണം സ്വപ്നമായി അവശേഷിക്കുന്നു.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിന് ഒരു മന്ത്രിയെ ലഭിച്ചിട്ടുപോലും ജനങ്ങളുടെ ദുരിതങ്ങൾക്കറുതി വരുത്തുന്ന തരത്തിൽ പദ്ധതികൾ നടപ്പിലാക്കാനോ പൂർത്തീകരിക്കാനോ സാധിക്കുന്നില്ല.
പൊള്ളയായ വാഗ്ദാനങ്ങൾക്കും നിർമാണോദ്ഘാടനങ്ങൾക്കും പകരം ജനാേപകാരപ്രദമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രിൻസ് ലൂക്കോസ് ആവശ്യപ്പെട്ടു.