ആവേശമായി പാലാ സാന്തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം
1575771
Monday, July 14, 2025 11:54 PM IST
പാലാ: കാര്‍ഷിക മൂല്യവര്‍ധിത സംരംഭമായ പാലാ സാന്തോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം കര്‍ഷകര്‍ക്ക് ആവേശമായി. മന്ത്രിമാരും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകരും അല്മായ പ്രതിനിധികളും എത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രിമാരും ജനപ്രതിനിധികളും രൂപതയുടെ കര്‍ഷകരോടുള്ള പ്രതിബദ്ധതയെ ഏറെ ശ്ലാഘിച്ചു.
രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ മുന്നേറ്റം. കര്‍ഷക ബാങ്ക് ആരംഭിച്ചതുമുതല്‍ വിവിധ ഇടവകകളില്‍ കര്‍ഷക ക്ലബ്ബുകളും ഉത്പാദക സംഘടനകളും ആരംഭിക്കുകയും ഈ രംഗത്ത് ബോധവത്കരണം നടത്തുകയും ചെയ്ത രൂപത ഇപ്പോള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങും ആത്മവിശ്വാസവും പ്രത്യാശയും പകര്‍ന്ന് മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണവുമായി മുന്നോട്ടുപോകുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.
സമ്മേളനത്തിന് മുന്നോടിയായി നടന്ന പാലാ സാന്തോം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗം രാവിലെ ചെയര്മാന് സിബി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്നു. പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ച കര്ഷകസംവാദവും സംഘടിപ്പിച്ചിരുന്നു. സ്റ്റീല്‍ ഇന്ത്യ ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ സംവാദം ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് തറപ്പേല്‍ മോഡറേറ്ററായിരുന്നു. റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, എഫ്പിഒ ഡിവിഷന് മാനേജരും പിഎസ്ഡബ്ല്യുഎസ് പിആര്‍ഒയുമായ ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിപാടികള്‍ക്ക് ഫാ. ആല്ബിന് ഏറ്റുമാനൂക്കാരന്‍, ഫാ. ക്രിസ്റ്റി പന്തലാനി, ഫാ. മാണി കൊഴുപ്പന്‍കുറ്റി, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സാരഥികളായ ജോസ് നെല്ലിയാനി, ടോണി സണ്ണി, ടോണി കാനാട്ട്, ഷില്‍ജോ തോമസ്, റോണി മാത്യു, ജോയി വട്ടക്കുന്നേല്‍, മെര്‍ലി ജയിംസ്, അലീനാ ജോസഫ്, ലിജി ജോണ്‍, സൗമ്യ ജയിംസ്, ശാന്തമ്മ ജോസഫ്, സെലിന് ജോര്‍ജ്, ജെയ്സി മാത്യു, ജിജി സിന്റോ, ഷൈനി ജിജി, ജിജി മാത്യു, ജിഷാ സാബു, ആലീസ് ജോര്‍ജ്, സില്‍വിയ തങ്കച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സമൂഹത്തെ ആരോഗ്യമുള്ളതാക്കുന്നത് കര്‍ഷകരാണ്. അധ്വാനിക്കുന്ന കര്‍ഷകരെ കൈവിട്ടുകൊണ്ട് ഒന്നും നേടില്ല. എട്ടു ലക്ഷത്തോളം കര്‍ഷകര്‍ ഒന്നിച്ചുപാര്‍ക്കുന്ന ഇടമാണ് പാലാ രൂപതാപ്രദേശം. കൃഷിയില്‍നിന്നു മാറിനില്‍ക്കുന്ന ഒരു കര്‍ഷകനും ഇവിടെ ഉണ്ടാവരുത്. ഒറ്റപ്പെട്ട് നില്‍ക്കാതെ കര്‍ഷകരെ കോര്‍ത്തിണക്കി അവര്‍ക്ക് പ്രത്യാശ നല്കാന് ഈ സ്ഥാപനം വഴി കഴിയും.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില നേടിക്കൊടുക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവജനങ്ങളെ കൃഷിയിലേക്കും അനുബന്ധ സ്റ്റാര്‍ട്ടപ്പുകളിലേക്കും ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന വലിയൊരു സംരംഭവും പ്രത്യാശയുടെ കേന്ദ്രവുമാണിത്. ഓരോ കര്‍ഷകനും കൃഷിയുടെ ഡിഎന്‍എ കൊണ്ടുനടക്കണം. വിവിധ മേഖലകളിലുള്ളവരും നല്ല കൃഷിക്കാരായി മാറണമെന്നും ബിഷപ് പറഞ്ഞു.
മന്ത്രി വി.എന്‍. വാസവന്
കാര്‍ഷിക മേഖലയിലെ ഏതു മുന്നേറ്റവും വ്യവസായവിപ്ലവത്തിന് ഇടയാക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. കൃഷിയുടെ വികാസം ഉറപ്പാക്കാന്‍ കര്‍ഷക സംഘങ്ങള്‍ക്ക് നബാര്‍ഡ് മുഖേന സഹകരണ വകുപ്പും കൃഷിവകുപ്പും ചേര്‍ന്ന് വായ്പ നല്‍കും. ശീതീകരിച്ച വാഹനങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം
. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സ്വദേശത്തും വിദേശത്തും വിപണനം ചെയ്യാന്‍ കഴിയും. ഇത് ഉന്നത ഗുണനിലവാരത്തിലായതിനാല് വരുമാനം വര്‍ധിക്കും. കോട്ടയം തുറമുഖം യാഥാര്‍ഥ്യമാവുന്നതോടെ ഇവിടത്തെ ഉത്പന്നങ്ങള്‍ ലോകരാജ്യങ്ങളിലെത്തിക്കാന്‍ കൂടുതല്‍ സൗകര്യമൊരുങ്ങും.
മന്ത്രി പി. പ്രസാദ്
കര്ഷകന് തന്റെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യത്തിന് മാറ്റമുണ്ടാകണം. വിപണിയാണ് വില നിശ്ചയിക്കുന്നത്. എന്നാല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കിയാല്‍ വില നിശ്ചയിക്കാനുള്ള അവകാശം കര്ഷകന് ലഭിക്കും. ഇതിന് വിത്തിടുന്നു, പരിചരിക്കുന്നു, വില്‍ക്കുന്നു എന്ന പരമ്പരാഗത കൃഷിരീതി മാറണം.
മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വില കര്‍ഷകര്‍ തന്നെ നിശ്ചയിക്കുമ്പോള്‍ വരുമാനം വര്‍ധിക്കും. ഇതിനായി ഫാം പ്ലാന്‍ രൂപീകരിച്ച് കൃഷിക്കാരുടെ കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. കര്‍ഷക കൂട്ടായ്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കൃഷിയില്‍ ആധുനിക കാര്‍ഷികവിദ്യകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫാമിംഗിലേക്ക് കേരളം മാറണം. കേരളാ ഗ്രോ ഉത്പന്നങ്ങളായി 4000 ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു.