അക്കരപ്പാടം പാലം ഉദ്ഘാടനം 22ന്
1575370
Sunday, July 13, 2025 7:27 AM IST
ഉദയനാപുരം: കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 16.88 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ നിർമ്മിച്ച അക്കരപ്പാടം പാലം 22ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും.14.91മീറ്റർ നീളത്തിൽ 15 ബീമുകളിലായി അഞ്ച് സ്പാനോടുകൂടിയാണ് പാലം നിർമിച്ചിരിക്കുന്നത്. സമീപ റോഡിന്റെ നിർമാണത്തിലേക്കായി 29.77സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടിവന്നത്. ഈ വസ്തു പൂർണമായും ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക ഭൂവുടമകൾക്ക് കൈമാറിക്കഴിഞ്ഞു.
പാലത്തിന്റെ നിർമാണവും പാലത്തിന്റെ കിഴക്കുവശത്ത് നാനാടം ഭാഗത്ത് ഒരു കൾവർട്ടിന്റെ നിർമാണവും ഇരുവശങ്ങളിലും ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള സമീപ റോഡിന്റെ നിർമാണവും പൂർത്തീകരിച്ചു. അക്കരപ്പാടം നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നമാണ് ഇതോടെ സഫലീകരിക്കപ്പെട്ടത്.
അക്കരപ്പാടം ഗവൺമെന്റ് യുപിസ്കൂളിൽ പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടകസമിതി ചേർന്നു. സി.കെ.ആശഎംഎൽ എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.പി. അനൂപ്, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ഉദയപ്പൻ,
പഞ്ചായത്തംഗങ്ങളായ ടി. പ്രസാദ്, ഗിരിജാ പുഷ്കരൻ, പി.ഡി. ജോർജ്, പാലം നിർമാണ കമ്മിറ്റി ഭാരവാഹികളായ അക്കരപ്പാടം ശശി, എ.പി. നന്ദകുമാർ, പി.ഡി. സാബു തുടങ്ങിയവർ പങ്കെടുത്തു. പാലം ഉദ്ഘാടനം ഒരു ദിവസം നീണ്ട ആഘോഷമാക്കാനുള്ള തയാറെടു പ്പിലാണ് അക്കരപ്പാടം നിവാസികൾ.