വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ പുരോഗതിയുടെ അടിത്തറ: മന്ത്രി എം.ബി. രാജേഷ്
1575502
Sunday, July 13, 2025 11:43 PM IST
കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ പുരോഗതിയാണ് സാമൂഹ്യ പുരോഗതിയുടെ അടിത്തറയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ പുരസ്കാരത്തിന്റെ എംഎൽഎ എക്സലൻസ് അവാർഡുകളുടെയും വിതരണതോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് അവാർഡുകൾ വിതരണം ചെയ്തു. സിവിൽ സർവീസ് റാങ്ക് ജേതാക്കളായ സോണറ്റ് ജോസ്, നസ്രിൻ പി. ഫസീം എന്നിവർ ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് മോട്ടിവേഷണൽ ടോക്ക് നടത്തി.
ഫ്യൂച്ചർ സ്റ്റാർസ് അഡ്വൈസറി ബോർഡ് മെംബർ ജോർജുകുട്ടി ആഗസ്തി, ഡയറക്ടർ ഡോ.ആൻസി ജോസഫ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, കോളജ് ബർസാർ റവ.ഡോ. മനോജ് പാലക്കുടി, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെംബർ സാജൻ കുന്നത്ത്, ഹയർസെക്കൻഡറി റീജണൽ ഡപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഓഫീസർ റോഷ്ന അലിക്കുഞ്ഞ്, കാഞ്ഞിരപ്പള്ളി എഇഒ സുൽഫിക്കർ, ഈരാറ്റുപേട്ട എഇഒ ഷംല ബീവി, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി എം.ജി. സുജ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കുട്ടികൾക്കും സിവിൽ സർവീസ് റാങ്ക് ജേതാക്കൾ, യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങൾക്ക് റാങ്ക് നേടിയവർ, പിഎച്ച്ഡി ലഭിച്ചവർ തുടങ്ങിയവർക്ക് പ്രതിഭാ പുരസ്കാരവും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്ക് എംഎൽഎ എക്സലൻസ് അവാർഡും വിതരണവും ചെയ്തു.