പേരിനു പോലും പ്രവർത്തിച്ചില്ല; എരുമേലിയിലെ ഗ്യാസ് ശ്മശാനം നഷ്ടമാക്കിയത് 70 ലക്ഷം
1575505
Sunday, July 13, 2025 11:43 PM IST
എരുമേലി: ഉദ്ഘാടനം ചെയ്തെന്നാണ് രേഖകളിൽ. പക്ഷെ ഒരിക്കൽ പോലും തുറന്നു പ്രവർത്തിച്ചിട്ടില്ല. എരുമേലി പഞ്ചായത്ത് വക ഗ്യാസ് ക്രിമറ്റോറിയം (എൽപിജി ശ്മശാനം) ആണ് ഇങ്ങനെ. 70 ലക്ഷം ചെലവിട്ട് 2019 ൽ നേർച്ചപ്പാറ വാർഡിൽ കമുകിൻകുഴി ഭാഗത്താണ് ആധുനിക പൊതു ശ്മശാനം നിർമിച്ചത്. 2020 ഒക്ടോബർ 15 നായിരുന്നു ഉദ്ഘാടനം.
ധനകാര്യ കമ്മീഷൻ ഗ്രാന്റ് അമ്പത് ലക്ഷവും തനത് ഫണ്ട് 20 ലക്ഷവും ഉൾപ്പടെ 70 ലക്ഷമായിരുന്നു ഫണ്ട്. അക്ക്രഡിറ്റഡ് ഏജൻസി കോസ്റ്റ് ഫോർഡ് ആണ് നിർമാണം നടത്തിയത്. ചൂള നിർമിച്ചത് ജ്വാല എന്ന ഏജൻസിയായിരുന്നു. ആറ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ഫർണസാണ് ഉള്ളത്. ഇതിന് ഒരു വർഷവും ഉപകരണങ്ങൾക്ക് രണ്ട് വർഷവും വാറന്റി കാലാവധി വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് കരാർ ചെയ്തിട്ടില്ലെന്നും ഇത് മൂലം ശ്മശാനം പ്രവർത്തിപ്പിച്ച് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഇല്ലെന്നും പറഞ്ഞ് നിർമാണത്തിന്റെ ബിൽ തുക വാങ്ങി ഏജൻസിക്കാർ സ്ഥലം വിട്ടു.
ഇപ്പോൾ ഈ ശ്മശാനം കാണണമെങ്കിൽ ഒരാൾ പൊക്കത്തിലുള്ള കാടുകൾ വെട്ടി മാറ്റണം. ട്രയൽ റൺ നടത്തിയപ്പോൾ ഗുരുതരമായ സാങ്കേതിക പിഴവ് കണ്ടെത്തിയിരുന്നു. ഇത് ഇനിയും പരിഹരിച്ചിട്ടില്ല. മൃതദേഹങ്ങളുടെ ദഹിപ്പിക്കൽ വേഗത്തിൽ പൂർത്തിയാക്കുന്ന ആധുനിക സജ്ജീകരണങ്ങളാണ് ഗ്യാസ് ക്രിമറ്റോറിയത്തിലുള്ളതെന്ന് നിർമാണം നടത്തിയ ഏജൻസികൾ പറയുന്നു.
ദഹിപ്പിക്കൽ പ്രക്രിയയ്ക്ക് ആവശ്യമായ ഇലക്ട്രിക്കൽ ഫർണസുകൾ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ചാരം ശേഖരണ സൗകര്യമുള്ള ഒരു ക്രിമേഷൻ ചേമ്പർ, ക്രിമേഷൻ ഫർണസ്, ഓട്ടോമാറ്റിക് എൽപിജി ഗ്യാസ് ബർണർ സിസ്റ്റം, ഗ്യാസ് ബർണറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള കൺട്രോൾ പാനൽ ബോർഡ്, മനുഷ്യ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് ആവശ്യമായ എൽപിജി ഗ്യാസ് പൈപ്പ് ലൈൻ ക്രമീകരണം എന്നിവയുണ്ട്.
60-90 മിനിറ്റിനുള്ളിൽ മൃതദേഹം ദഹിപ്പിക്കപ്പെടുമെന്നാണ് നിർമാണം നടത്തിയ ഏജൻസി അവകാശപ്പെടുന്നത്. എന്നാൽ നിർമാണത്തിലെ ഗുരുതരമായ സാങ്കേതിക പിഴവ് മൂലം നിലവിൽ മൃതദേഹം സംസ്കരിച്ചാൽ ഫർണസും കെട്ടിടവും നിറഞ്ഞ് കടുത്ത പുക വ്യാപിക്കുമെന്നാണ് ഡമ്മി ഉപയോഗിച്ച് നടത്തിയ ട്രയൽ റണ്ണിൽ വ്യക്തമായത്.
മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്വന്തം സ്ഥലവും സൗകര്യവും ഇല്ലാത്തവർക്കും നിർധനർക്കും പ്രയോജനം നൽകാനുള്ള ലക്ഷ്യത്തിലാണ് ശ്മശാനം നിർമിച്ചത്. എന്നാൽ, ഒരു പ്രയോജനവും ഇല്ലാതെ ലക്ഷങ്ങളുടെ ഫണ്ട് പാഴായി മാറിയ കാഴ്ചയാണ് ശ്മശാനത്തിലെത്തിയാൽ കാണുക.