വെള്ളക്കെട്ടിൽ കഴിഞ്ഞവർക്ക് രക്ഷകരായി പാർട്ടി പ്രവർത്തകർ
1575727
Monday, July 14, 2025 7:32 AM IST
വൈക്കം: വർഷങ്ങളായി വെള്ളക്കെട്ടിൽ കഴിയുന്ന മൂന്ന് കുടുംബങ്ങളുടെ ദുരിതത്തിന് അറുതിവരുത്തി സിപിഎംപ്രവർത്തകർ. വൈക്കം നഗരസഭ 18-ാം വാർഡിലെ അടിച്ചിത്തറ രമേശൻ,കൊച്ചുപാലയ്ക്കൽ പ്രിയ, അടിച്ചിത്തറ ശാരദ എന്നിവരുടെ വീടും പരിസരവുമാണ് വർഷങ്ങളായി വെള്ളക്കെട്ടിൽ അമർന്നിരുന്നത്.
വീടുകൾക്കു സമീപത്തെ ഓടയും പൈപ്പും അടഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയിലായിട്ട് വർഷങ്ങളായി.വാർഡ് കൗൺസിലർക്കും നഗരസഭാ അധികൃതർക്കും നിരവധിത്തവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. ഇവരുടെ ജീവിതദുരിതം കണ്ടാണ് സിപിഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് വെള്ളക്കെട്ട് ദുരിതം പരിഹരിക്കാൻ രംഗത്തിറങ്ങിയത്.
സമീപത്തെ തോട്ടിലേക്ക് വെള്ളമൊഴുകിപ്പോകുന്നതിനുള്ള പൈപ്പും ഓടയും പൂർണമായി അടഞ്ഞ നിലയിലായിരുന്നു. സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഓട ശുചീകരിച്ചശേഷം പുതിയ കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ച് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരംകണ്ടത്.
സിപിഎം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി.സി.അനിൽകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.ജി.ശശി, ബി.രാമചന്ദ്രൻ,എച്ച്.ഐ. റോഹൻ,പാർട്ടി അംഗം കെ.എൻ.പ്രിമിൽ എന്നിവർ നേതൃത്വം നൽകി.