ജനറല്‍ ആശുപത്രി വിഷയം: എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷി നേതാവിനെതിരേ രൂക്ഷ വിമര്‍ശനം
1575497
Sunday, July 13, 2025 11:42 PM IST
പാലാ: രാഷ്ട്രീയ ജനതാദള്‍ നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പീറ്റര്‍ പന്തലാനിക്കെതിരേ എല്‍ഡിഎഫ് നിയോജക മണ്ഡലം യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ജനറല്‍ ആശുപത്രിയെ സംരക്ഷിക്കാനായി നടത്തുന്ന ബഹുജന കൂട്ടായ്മയെക്കുറിച്ച് ആലോചിക്കാനായി കഴിഞ്ഞ ദിവസം നടത്തിയ എല്‍ഡിഎഫ് യോഗത്തിലായിരുന്നു പീറ്റര്‍ പന്തലാനിക്കെതിരെ വിമര്‍ശനമുയര്‍ന്നത്.
ജനറല്‍ ആശുപത്രിക്കു അഗ്നി രക്ഷാ സേനയുടെ എന്‍ഒസി ഇല്ലെന്ന വിവരം മീനച്ചില്‍ താലൂക്ക് വികസന സമിതിയില്‍ ഉന്നയിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സിപിഎം, കേരള കോണ്‍ഗ്രസ്-എം, സിപിഐ കക്ഷികളുടെ നിലപാട്. ഇത്തരം നടപടികളുമായി എല്‍ഡിഎഫില്‍ തുടരാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.
ആശുപത്രിയേയും ആശുപത്രിയില്‍ എത്തുന്നവരെയും ദോഷമായി ബാധിക്കുന്ന ഇത്തരം വെളിപ്പെടുത്തലുകള്‍ എല്‍ഡിഎഫ് നയത്തിനു വിരുദ്ധമാണ്. ആശുപതി സ്ഥലം കയ്യേറിയിട്ടുണ്ടെന്ന് കാണിച്ച് മീനച്ചില്‍ താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയതിനെയും എല്‍ഡിഎഫ് നേതാക്കള്‍ ചോദ്യം ചെയ്തു. എല്‍ഡിഎഫ് എടുക്കുന്ന തീരുമാനങ്ങള്‍ മാണി സി. കാപ്പന് എംഎല്‍എ ഉടന്‍ അറിയുന്നതായും ആക്ഷേപമുയര്‍ന്നു.
വിവരം അറിയിച്ചതു മാത്രം:
പീറ്റര്‍ പന്തലാനി
അഗ്നി രക്ഷാ സേനയുടെ എന്‍ഒസി ഇല്ലാത്തതും വൈദ്യുതി ജോലികളിലെ ക്രമക്കേടും അപകട സാധ്യതകളും ആശുപത്രി സ്ഥലത്തില്‍ കുറവ് ഉണ്ടായതും മീനച്ചില്‍ താലൂക്ക് വികസന സമിതിയിലും ആശുപത്രി മാനേജിംഗ് കമ്മിറ്റിയിലും അറിയിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ എല്‍ഡിഎഫ് മുന്നണിയെ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊരു പ്രസ്താവനകളും ഇതുവരെ നടത്തിയിട്ടില്ല. എല്‍ഡിഎഫ് യോഗത്തിലെ വിമര്‍ശനത്തിനു മറുപടിയായി ഇതു സംബന്ധിച്ച ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.