പി.ടി. ദേവസ്യ സാറിന്റെ ഓർമകളിൽ നാട്
1575501
Sunday, July 13, 2025 11:43 PM IST
രാമപുരം: രാമപുരത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പുതിയിടത്തുചാലിൽ പി.ടി. ദേവസ്യ സാർ. കരിങ്കുന്നം, കുറവിലങ്ങാട്, കാഞ്ഞിരത്താനം, രാമപുരം എന്നിവിടങ്ങളിൽ ഹൈസ്കൂൾ അധ്യാപകനായും കടനാട്, മാനത്തൂർ, നീലൂർ എന്നിവിടങ്ങളിൽ പ്രഥമാധ്യാപകനായും 35 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്.
സൗമ്യനും ശാന്തശീലനുമായിരുന്ന ദേവസ്യ സാർ ഏതു സമയവും ഒരു ചെറുപുഞ്ചിരി സൂക്ഷിച്ചിരുന്നു. ഗണിതശാസ്ത്രവും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്തിരുന്ന സാറിന്റെ ക്ലാസിൽ പഠിക്കാൻ കഴിഞ്ഞ വിദ്യാർഥികൾക്ക് അവ ഇഷ്ടവിഷയങ്ങളായി. ചൂരൽ എടുക്കാത്ത കണക്കു മാഷിന്റെ ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തി മനസിൽ സൂക്ഷിക്കുന്ന ശിഷ്യഗണങ്ങൾ ഇന്ന് ജീവിതത്തിന്റെ നാനാതുറകളിൽ സേവനമനുഷ്ഠിക്കുന്നു.
പിജിടിഎ സംസ്ഥാന ഭാരവാഹി, രാമപുരം ഫൊറോനാപള്ളിയുടെ വിവിധ കമ്മിറ്റിയംഗം, കുഴുമ്പിൽ കുടുംബയോഗം രക്ഷാധികാരി, ഡിവൈൻ വോയ്സ് മീഡിയ കൂട്ടായ്മ സ്ഥാപകാംഗം എന്നീ നിലകളിലും വളരെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എല്ലാ കാര്യത്തിലും അച്ചടക്കം പാലിച്ച മാതൃകാ അധ്യാപകനായിരുന്നു ദേവസ്യ സാർ എന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും മൂല്യബോധവും അറിവും ഒരേസമയം കുട്ടികൾക്ക് നൽകിയ ദേവസ്യ സാറിനെപ്പോലെയുള്ള അധ്യാപകർ അപൂർവമാണെന്ന് ബിഷപ് മാർ ജേക്കബ് മുരിക്കനും കഴിഞ്ഞ ദിവസം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷാ വേളയിൽ അനുസ്മരിച്ചു.