മെഡി. കോളജ് അപകടം: ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സദസുമായി എല്‍ഡിഎഫ്
1575772
Monday, July 14, 2025 11:54 PM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരേ നടത്തുന്ന സമരങ്ങളെയും ആരോപണങ്ങളെയും പ്രതിരോധിക്കുന്നതിനായി എല്‍ഡിഎഫ് നേതൃത്വത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സദസ് സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ മേഖലകളിലാണ് സദസ്.
ആദ്യ സദസ് ഇന്നലെ പാലായില്‍ നടന്നു. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയാണ് സദസ് ഉദ്ഘാടനം ചെയ്തത്. നാളെ വൈകുന്നേരം നാലിന് കോട്ടയം തിരുനക്കരയില്‍ നടക്കുന്ന സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുന്നത് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ഷൈലജയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ വെളിപ്പെടുത്തലും കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനുമെതിരേ വലിയ പ്രതിഷേധങ്ങളും ആരോപണങ്ങളുമാണുണ്ടായത്. ഇതിനെ പ്രതിരോധിക്കുന്നതിനും സര്‍ക്കാരും ആരോഗ്യവകുപ്പും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ ആരോഗ്യമേഖലയില്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളുമായി സംവദിക്കുന്നതിനുമാണ് സംരക്ഷണ സദസ്.
കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായ ദാരുണ സംഭവം ജില്ലയിലെ സിപിഎമ്മിനു വലിയ ക്ഷീണമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി മരണപ്പെട്ട കുടുംബത്തിനു സാമ്പത്തിക സഹായം, മകനു ജോലി തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കി.
കൂടാതെ മെഡിക്കല്‍ കോളജില്‍ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനം വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങളെ നേരിടാനായി കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജിൽ എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനകീയ സദസും സംഘടിപ്പിച്ചിരുന്നു.