നാല് ഇതരസംസ്ഥാനത്തൊഴിലാളികള്‍ ആറ് കിലോ കഞ്ചാവുമായി പിടിയില്‍
1575199
Sunday, July 13, 2025 2:50 AM IST
ചിങ്ങവനം: കുറിച്ചിയില്‍ ഇതര സംസ്ഥാനത്തൊഴിലാളികളില്നിന്നു വില്പനയ്ക്കായി എത്തിച്ച 6.8 കിലോ കഞ്ചാവ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചിങ്ങവനം പോലീസും ചേര്‍ന്ന് പിടികൂടി. സംഭവത്തിൽ നാല് പേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
ഒഡീഷ സ്വദേശികളായ സുരേഷ് ബൈര (22), ആകാശ് ബൈര (19), ആസാം സ്വദേശികളായ ബിക്രം ബുയാന് (19), പരാഗ് ദത്ത (20) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 7.45 ന് ഇത്തിത്താനം കളംപാട്ട്ചിറ ഭാഗത്തെത്തിയ പോലീസ് സംഘം സംശയാസ്പദമായി കണ്ട നാലു പേരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതില്‍ ഇവര്‍ ഇതര സംസ്ഥാനക്കാരാണെന്ന് മനസിലാവുകയും ഇവരുടെ കൈവശം ഉണ്ടായിരുന്ന ഷോള്‍ഡര്‍ ബാഗ് പരിശോധിച്ചതില്‍ പ്ലാസ്റ്റിക് കവറുകളില്‍ ആക്കി പാക്ക് ചെയ്ത നിലയില്‍ 6.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
പ്രതികളില്‍ രണ്ടുപേര്‍ ആസാം സ്വദേശികളും രണ്ടുപേര്‍ ഒഡീഷ സ്വദേശികളുമാണ്. പ്രതികളില്‍ സുരേഷ്, ആകാശ് എന്നീ ഒഡീഷ സ്വദേശികള്‍. ചിങ്ങവനത്ത് സികെ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍ ജോലിക്കാരായ വിക്രം, പരാഗ് എന്നീ ആസാം സ്വദേശികള്‍ക്ക് കൈമാറാന്‍ ട്രെയിനില്‍ കഞ്ചാവുമായി എത്തുകയായിരുന്നു. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും മറ്റും വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിക്കപ്പെട്ടത്.
ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡിനോടൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ വി.എസ്. അനില്‍കുമാര്‍, എസ്ഐമാരായ വി.വി. വിഷ്ണു, ഷാന്‍, എം.പി. സജി, സിജു സൈമണ്‍, എഎസ്ഐ സിജോ രവീന്ദ്രന്, സിപിഒ മാരായ റിങ്കു, സുമേഷ്, രാജീവ്, സിറാജുദ്ദീന്, സാല്‍ബിന്‍, ഭാസുരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.