പോളയും പായലും നിറഞ്ഞ് കളമ്പുകാട് തോട്
1542458
Sunday, April 13, 2025 7:13 AM IST
കടുത്തുരുത്തി: പോളയും പായലും പടർന്ന് കളമ്പുകാട് തോട്. സമീപത്തെ താമസക്കാര്‍ കുളിക്കാനും പാത്രം കഴുകാനുമെല്ലാം നേരത്തേ ഇവിടുത്തെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. പലയിടത്തും പുല്ല് മൂടിയിട്ട് തോട് കാണാന്‍ മേലാത്ത നിലയാണുള്ളത്. ചിലയിടത്ത് പോളയും പായലും.
മൂന്നു വര്‍ഷമായി ഇതാണ് കളമ്പുകാട് തോടിന്റെ അവസ്ഥയെന്ന് നാട്ടുകാര്‍. മലിനജലം അല്ലായിരുന്നെങ്കില്‍ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് വേനല്‍ക്കാലത്ത് തോട്ടിലെ വെള്ളം ഉപയോഗിക്കാമായിരുന്നു. ഇപ്പോള്‍ എല്ലാത്തിനും പൈപ്പു വെള്ളം വേണം. ഇല്ലെങ്കില്‍ കൈ കഴുകാനും വസ്ത്രം നനയ്ക്കാനുമെല്ലാം കിണറുകളുള്ളിടത്തു പോയി വെള്ളം കൊണ്ടുവരണമെന്നും റെജി പറയുന്നു.
തോടിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുല്ലും പായലും തിങ്ങിനിറഞ്ഞു. തോട്ടിലെ നീരൊഴുക്കും നിലച്ചു. മലിനജലത്തിന്റെ ദുര്‍ഗന്ധം കൊണ്ട് ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇവിടുള്ളവര്‍ക്ക്. വേനല്‍കാലത്ത് വെള്ളത്തിനായി നാട്ടുകാര്‍ പരക്കം പായുമ്പോഴാണ് ഇത്തരത്തില്‍ മുന്നിലുള്ള വെള്ളം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കിടക്കുന്നത്.
തോട് തെളിച്ചു നീരൊഴുക്ക് സാധ്യമാക്കിയില്ലെങ്കില്‍ വേനല്‍ക്കാലത്ത് മലിനജലം കെട്ടിക്കിടക്കാനും മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.