വിശുദ്ധവാരാചരണം
1542450
Sunday, April 13, 2025 7:13 AM IST
കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍
കോട്ടയം: ക്രിസ്തുരാജ കത്തീഡ്രലില്‍ ഇന്ന് ആരംഭിക്കുന്ന വിശുദ്ധവാര കര്‍മങ്ങള്‍ക്ക് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ ഏഴിന് ഓശാന തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പെസഹാ വ്യാഴം കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെ 6.30ന് ആരംഭിക്കും.
തുടര്‍ന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകുന്നേരം നാലിനു സമാപിക്കും. ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഏഴിന് ആരംഭിക്കും. ദുഃഖശനിയുടെ ശുശ്രൂഷകള്‍ രാവിലെ 6.15ന് ആരംഭിക്കും. ഈസ്റ്റര്‍ ശുശ്രൂഷകള്‍ പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കും. തുടര്‍ന്ന് 7.30നു വിശുദ്ധ കുര്‍ബാന. നാളെ മുതല്‍ 16വരെ ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഫാ. ജിസോയി പെണ്ടാനത്ത് സിഎസ്എസ്ആര്‍ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും.
16നു രാവിലെ ഒമ്പതു മുതല്‍ 12 വരെയും വൈകുന്നേരം മൂന്നു മുതല്‍ 5.30 വരെയും 19നു രാവിലെ ഒമ്പതു മുതല്‍ 12വരെയും വൈകുന്നേരം മൂന്നു മുതല്‍ ആറു വരെയും കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ അറിയിച്ചു.
അതിരമ്പുഴ പള്ളിയിൽ നാല്പതുമണി ആരാധന
അതിരമ്പുഴ: വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാല്പതുമണി ആരാധന നാളെ ആരംഭിച്ച് ബുധനാഴ്ച സമാപിക്കും. പീഡാനുഭവ വാരത്തിൽ ഓശാന ഞായറാഴ്ചക്കുശേഷമുള്ള തിങ്കൾ മുതൽ ബുധൻ വരെയാണ് അതിരമ്പുഴ പള്ളിയിൽ എല്ലാ വർഷവും നാല്പതുമണി ആരാധന നടത്തുന്നത്.
നാളെ രാവിലെ 5.45ന് സപ്ര, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന. തുടർന്ന് എട്ടിന് നാല്പതുമണി ആരാധന ആരംഭിക്കും. വൈകുന്നേരം നാലിന് പൊതു ആരാധന, അഞ്ചിന് കുരിശിന്റെ വഴി, 5.30ന് വിശുദ്ധ കുർബാന. ചൊവ്വാഴ്ചയും ഇതേ ക്രമത്തിൽ തിരുക്കർമങ്ങൾ നടക്കും.
ബുധനാഴ്ച രാവിലെ 5.45ന് സപ്രാ, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന. എട്ടിന് ആരാധന ആരംഭം. വൈകുന്നേരം ആറിന് പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം. തുടർന്ന് ആശീർവാദത്തോടെ നാല്പതുമണി ആരാധന സമാപിക്കും.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ എന്നിവർ സഹകാർമികരാകും.
ദീപിക ചാപ്പലില്‍
കോട്ടയം: സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സ് ചാപ്പലില്‍ (ദീപിക ചാപ്പല്‍) ഇന്നു രാവിലെ 6.30ന് ഓശാന തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന. എട്ടിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. പെസഹാവ്യാഴം വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, തിരുമണിക്കൂര്‍ ആരാധന.
ദുഃഖവെള്ളി വൈകുന്നേരം നാലിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, പീഡാനുഭവ സന്ദേശം, കുരിശിന്റെ വഴി. ദുഃഖശനി രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, പുത്തന്‍തീ, വെള്ളം വെഞ്ചരിപ്പ്, മാമ്മോദീസാ വ്രതനവീകരണം. 19ന് രാത്രി 9.30ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, സന്ദേശം.
ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 6.30നും എട്ടിനും വിശുദ്ധ കുര്‍ബാന. ഉയിര്‍പ്പു ഞായര്‍ വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കില്ല. ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ രാത്രി ഏഴു വരെ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
ലൂര്‍ദ് ഫൊറോന പള്ളിയില്‍
കോട്ടയം: ലൂര്‍ദ് ഫൊറോന പള്ളിയിലെ വിശുദ്ധ വാരാചരണത്തിനു ഇന്നു തുടക്കമാകും. ഇന്നു രാവിലെ 6.30ന് ഓശാന തിരുക്കര്‍മങ്ങള്‍. രാവിലെ 5.15നും പത്തിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. നാളെ മുതല്‍ 16വരെ വാര്‍ഷിക ധ്യാനം. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്ബാനയെത്തുടര്ന്നാണ് ധ്യാനം.
പെസഹാ വ്യാഴാഴ്ച വൈകുന്നേരം 4.30ന് പെസഹായുടെ തിരുക്കര്‍മങ്ങള്‍, രാത്രി ഏഴു മുതല്‍ പൊതു ആരാധന.
ദുഃഖവെള്ളി രാവിലെ 8.30 മുതല്‍ പൊതു ആരാധന. പത്തു മുതല്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൂട്ടായ്മകള്‍ നടത്തുന്ന കുരിശിന്റെ വഴി ദൈവാലയങ്കണത്തില്‍ എത്തിച്ചേരും. 12ന് നേര്‍ച്ചക്കഞ്ഞി വിതരണം. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ദുഃഖ വെള്ളിയുടെ തിരുക്കര്‍മങ്ങള്‍, കുരിശിന്റെ വഴി, പ്രസംഗം, നഗരികാണിക്കല്‍.
ദുഃഖശനിയാഴ്ച വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, പുത്തന്‍ തീ പുത്തന്‍ വെള്ളം എന്നിവയുടെ വെഞ്ചരിപ്പ്. ഉയിര്‍പ്പുഞായര്‍ പുലര്‍ച്ചെ 2.30ന് തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം. രാവിലെ 5.15നും 6.30നും എട്ടിനു വിശുദ്ധ കുര്‍ബന. തിങ്കള്‍, ചൊവ്വ, ബുധന്‍, ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കുമെന്നും 15നു രാവിലെ കിടപ്പുരോഗികളുടെ വീടുകളില്‍ വിശുദ്ധ കുര്‍ബാന എഴുന്നുള്ളിച്ച് നല്‍കുമെന്നും ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെല്പുരപ്പറമ്പില് അറിയിച്ചു.
ചെറുവാണ്ടൂര്‍ പള്ളിയിൽ
ചെറുവാണ്ടൂര്‍: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ 6.45ന് ആരംഭിക്കും. കുരുത്തോല പ്രദക്ഷിണം, തുടർന്ന് വിശുദ്ധ കുര്‍ബാന. പെസഹാ വ്യാഴം വൈകുന്നേരം അഞ്ചിന് കാല്‍കഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. പീഡാനുഭവ വെള്ളി രാവിലെ ആറുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ ആരാധന. തുടര്‍ന്ന് പുത്തന്‍പാന വായന. മൂന്നിനു പീഡാനുഭവ തിരുക്കര്‍മങ്ങള്‍. 4.30ന് കുരിശിന്റെ വഴി. തുടര്‍ന്ന് നഗരി കാണിക്കല്‍, നേര്‍ച്ചക്കഞ്ഞി.
ദുഃഖശനി രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, പുത്തന്‍ തീയും വെള്ളവും വെഞ്ചരിപ്പ്. ഉയിര്‍പ്പുഞായര്‍ പുലര്‍ച്ചെ നാലിന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന. രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന.