വിമാനത്താവളം: സ്ഥലം ഏറ്റെടുക്കൽ നടപടിക്കൊരുങ്ങി റവന്യു വകുപ്പ്
1542460
Sunday, April 13, 2025 7:23 AM IST
എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയായതിനെത്തുടർന്ന് 2,570 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾക്കൊരുങ്ങി റവന്യു വകുപ്പ്.
മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കർ സ്ഥലമാണ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്നത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. പദ്ധതി പ്രദേശത്ത് നടത്തിയ സാമൂഹിക ആഘാതപഠനം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കി കേന്ദ്ര സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരമുളള നടപടികൾക്കു ശിപാർശ നൽകിയിരുന്നു. വിദഗ്ധ സമിതി ഇതിന് അംഗീകാരം നൽകിയതോടെയാണ് ഭരണാനുമതിയായത്.
ആഭ്യന്തരം, റവന്യു, വനം, ധനകാര്യം, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകൾ ശിപാർശകളിൽ പരിശോധന പൂർത്തിയാക്കിയിരുന്നു. റവന്യു സംഘം ഇനി ഭൂമി ഉടമകളെ കണ്ട് ഏറ്റെടുക്കൽ വിവരം അറിയിച്ച് വിശദ ഭൂമി സ്കെച്ച് തയാറാക്കി നൽകും. അതിനുശേഷം കെട്ടിടം, ഭൂമി, മറ്റു വസ്തുക്കൾ എന്നിവയുടെ വില നിശ്ചയിച്ച് നഷ്ടപരിഹാരം ശിപാർശ ചെയ്യും. ഇതോടെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിലേക്ക് നടപടികൾ സ്വീകരിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, പദ്ധതിക്കായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ പാലാ സബ് കോടതിയിൽ നടക്കുന്ന കേസിൽ ജൂൺ അഞ്ചിനു വിസ്താരം നടക്കും. എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിനിധിയെയാണ് വിസ്തരിക്കുക. സർക്കാർ വാദിയായ ഈ കേസിൽ വാദി ഭാഗം വിസ്താരം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
2005ലാണ് ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചർച്ച് വാങ്ങിയത്. ബ്രിട്ടീഷ് കമ്പനി കൈവശം വച്ചിരുന്ന എസ്റ്റേറ്റ് കൈമാറ്റം ചെയ്ത് വില്പന നടത്തിയത് നിയമവിരുദ്ധമാണെന്നും എസ്റ്റേറ്റ് സർക്കാരിന് അവകാശപ്പെട്ട ഭൂമിയാണെന്നുമാണ് പാലാ സബ് കോടതിയിൽ സർക്കാർ അറിയിച്ചിട്ടുള്ളത്.