വിഷു ആഘോഷങ്ങൾക്ക് നാടും നഗരവും ഒരുങ്ങി
1542455
Sunday, April 13, 2025 7:13 AM IST
വൈക്കം: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമായ വിഷു ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. ശ്രീകൃഷ്ണൻ, നരകാസുരനെ വധിച്ച സുദിനമാണ് വിഷുവെന്ന് ഐതിഹ്യം. രാവും പകലും തുല്യമായ വിഷുദിനം കാർഷിക സമൃദ്ധിയുടെ ഉത്സവം കൂടിയാണ്.
വിഷു ആഘോഷത്തിലെ പ്രധാന ചടങ്ങായ വിഷുക്കണി ഒരുക്കുന്നതിന് കണിക്കൊന്ന പൂക്കളും കൃഷ്ണ വിഗ്രഹങ്ങളും കൃഷ്ണന്റെ ചിത്രങ്ങളും കണിവെള്ളരിയും ചക്കയും മാങ്ങയുമടക്കമുള്ള ഫലമൂലാദികളും വിപണിയിൽ നിറഞ്ഞു. കണിക്കൊന്ന പൂക്കൾ കിട്ടാതെവന്നാൽ പകരം പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും വിപണിയിലെത്തിയിട്ടുണ്ട്. വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്നകൾ ദിവസങ്ങൾക്കു മുമ്പേ സ്വർണവർണമണിഞ്ഞ് പൂത്തുലഞ്ഞിരുന്നു.
വിഷുവിന് മിതമായ നിരക്കിൽ കണിയൊരുക്കാനുള്ള വിഭവങ്ങളും സദ്യയൊരുക്കാനുള്ള പഴം-പച്ചക്കറികളും കറിക്കൂട്ടുകളുമായി കുടുംബശ്രീയുടെ വിഷുവിപണി പഞ്ചായത്തുകൾതോറും ആരംഭിച്ചിട്ടുണ്ട്. നാട്ടിൻപുറങ്ങളിലെ ചന്തകളിലും പഴക്കടകളിലും കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം തുടങ്ങി കണിയൊരുക്കാനുള്ള വിഭവങ്ങളുടെ വിപുലമായ ശേഖരം ഒരുങ്ങിയിട്ടുണ്ട്.
പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത കൃഷ്ണപ്രതിമകളുമായി ഇതര സംസ്ഥാനക്കാരും വിഷു വിപണിയുടെ ഭാഗമാകാനെത്തിയിട്ടുണ്ട്. വിഷുവിന് വർണപ്പകിട്ടേകാൻ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പടക്കവിപണി ദിവസങ്ങൾക്കു മുമ്പേ തുറന്നിരുന്നു. ശബ്ദം കുറഞ്ഞ് വർണ കാഴ്ചയൊരുക്കുന്ന ചൈനീസ് പടക്കങ്ങളാണ് വിപണിയിലധികവും.
വർണവിസ്മയം തീർത്ത് പറന്നുയരുന്ന ഹെലികോപ്ടർ, കമ്പിയിൽ കറങ്ങുന്ന ചക്രം, ക്രിക്കറ്റ് ബാറ്റും ബോളും മ്യൂസിക് റോക്കറ്റ്, കളർ ഷവർ, ഫോട്ടോ ഫ്ലാഷ് തുടങ്ങി ഒട്ടേറെ പുതിയതാരങ്ങൾ പടക്ക വിപണിയിൽ ഇക്കുറിയുണ്ട്. ശബ്ദം കുറഞ്ഞ് വർണവിസ്മയം തീർക്കുന്ന പടക്കങ്ങളോടാണ് കൂടുതൽപേർക്കും പ്രിയമെന്ന് വൈക്കം ചെമ്പ് അങ്ങാടിയിലെ ഫയർ വർക്സ് ഉടമ പി.പി. സജി പറഞ്ഞു.