ഫ്യൂച്ചർ സ്റ്റാർസ് ലീഡർഷിപ്പ് ക്യാമ്പ്
1542527
Sunday, April 13, 2025 11:17 PM IST
അരുവിത്തുറ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി അവധിക്കാല നേതൃപരിശീലന ക്യാമ്പ് നടത്തുന്നു. നാളെ അരുവിത്തറ സെന്റ് ജോർജ് കോളജ് സെമിനാർ ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം നൽകിയിരിക്കുന്നത്. ക്യാമ്പ് തികച്ചും സൗജന്യമാണ്. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ ലേബർ ഇന്ത്യ സ്കൂൾ ചെയർമാൻ ജോർജ് കുളങ്ങര 15ന് രാവിലെ പത്തിന് നിർവഹിക്കും.
അരുവിത്തറ സെന്റ് ജോർജ് കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ചേരുന്ന സമാപന സമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.ജോർജ് കരുണയ്ക്കൽ, പ്രഫ. ടോമി ചെറിയാൻ, അഭിലാഷ് ജോസഫ്, ഡോ. മാത്യു കണമല എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിക്കും.