മാടപ്പള്ളിയില്‍ വനിതകള്‍ക്കായി പരമ്പരാഗത പാചക മത്സരം
1542466
Sunday, April 13, 2025 7:23 AM IST
മാടപ്പള്ളി: അടുക്കളയിലെ പരമ്പരാഗത രുചിയും നാട്ടുപാചക നൈപുണ്യവും പരിചയപ്പെടുന്നതിനായി മാടപ്പള്ളി പഞ്ചായത്തില്‍ പാചക കൈപ്പുണ്യ മത്സരം നടത്തുന്നു. സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി മാടപ്പള്ളി പഞ്ചായത്തും ചങ്ങനാശേരി ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വനിതകള്‍ക്കായി പരമ്പരാഗത പാചക കൈപ്പുണ്യ മത്സരം നടത്തുന്നത്.
മാടപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍നിന്നുള്ള രണ്ടുപേരടങ്ങുന്ന 20 ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മാടപ്പള്ളി പഞ്ചായത്ത് പ്രദേശത്തുനിന്നുള്ള വനിതകള്‍ 21ന് മുന്‍പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. പെരുമ്പനച്ചി ഗവൺമെന്റ് എല്‍പി സ്കൂളില്‍ 23നാണ് മത്സരം.
ഒന്നാം സമ്മാനം 10,001, രണ്ടാം സമ്മാനം 5,001, മൂന്നാം സമ്മാനം 3,001 രൂപ. കൂടാതെ മത്സരാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. പഴമയുടെ സ്വാദും മണവും കൈമോശം വരാത്ത പാചകകലയില്‍ പ്രാവീണ്യമുള്ള വനിതകളെ കണ്ടെത്തി അവരില്‍ മറഞ്ഞിരിക്കുന്ന പാചക വൈദഗ്ധ്യത്തെ പുറംലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. ബിന്സണ്, ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോസ് അമ്പാട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് കോ-ഓർഡിനേറ്റര്‍ ജോജി ജോസ്, പ്രിന്‍സിപ്പല്‍ ശ്രീനിവാസന്, സോഫിയാ ജേക്കബ്, എം. മഹേഷ് ലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: കുടുംബശ്രീ മാടപ്പള്ളി ഗ്രാമപഞ്ചായത്ത്: ഫോണ്‍: 9539189890, ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോണ്‍: 9447463911, 9562211603.