കോട്ടയം നഗരത്തിൽ ഫ്ളെക്സിപോൾ ഡിവൈഡർ
1542440
Sunday, April 13, 2025 7:03 AM IST
കോട്ടയം: കോട്ടയം ടൗണില്‍ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി ഫ്ളെക്സിപോള് ഡിവൈഡര്‍ സ്ഥാപിച്ചു. കാറ്റിലും വാഹനങ്ങള്‍ തട്ടിയും റോഡിലേക്ക് വീഴുന്ന ഡിവൈഡറുകളില്‍ തട്ടി അപകടങ്ങള്‍ പതിവായതോടെയാണ് പോലീസ് പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്.
ബേക്കര്‍ ജംഗ്ഷന്, കഞ്ഞിക്കുഴി, കുമരകം റോഡ്, ഈരയില്‍കടവ് റോഡ്, വാരിശേരി എന്നിവിടങ്ങളിലാണ് ഫ്ളെക്സി പോള്‍ ഡിവൈഡറുകൾ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഗുണമേന്മയുള്ള പ്രത്യേകതരം റബര്‍ കോമ്പൗണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ തട്ടിയാലും വണ്ടിക്ക് കാര്യമായ തകരാര്‍ ഉണ്ടാകില്ല. ഇളകിമാറിയാലും ഇത് പുനഃസ്ഥാപിക്കാന്‍ എളുപ്പമാണ്. കുറഞ്ഞസ്ഥലവും മതി. ബോള്‍ ഉപയോഗിച്ചാണ് റോഡില്‍ ഉറപ്പിച്ചിരിക്കുന്നത്.
ഓറഞ്ച് നിറത്തില്‍ വാഹനങ്ങളുടെ വെളിച്ചം പ്രതിഫലിക്കുന്ന സ്റ്റിക്കറുകളുള്ളതിനാല് രാത്രികാല കാഴ്ചയ്ക്ക് ഇതു ഫലപ്രദവുമാണ്. തുരുമ്പെടുക്കില്ലാത്തതിനാല് കൂടുതല്‍ കാലം നിലില്ക്കുകയും ചെയ്യും. അറ്റകുറ്റപണിയും എളുപ്പമാണ്.
1400 രൂപയാണ് ഒരെണ്ണത്തിന്റെ വില. ഒരുവർഷം ഗാരന്റിയു മുണ്ട്. അടുത്തിടെ കാറ്റിലും ശക്തമായ മഴയിലും ഇരുമ്പു പൈപ്പില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ റോഡിലേക്ക് മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടായ സാഹചര്യത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരമാണ് ഫ്ളക്സിപോള് ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ട്രാഫിക് എസ്ഐ പി.എസ്. സന്തോഷ് ദീപികയോടു പറഞ്ഞു.