ഓശാനവിളികളുമായി വിശ്വാസീസമൂഹം വിശുദ്ധ വാരത്തിൽ
1542530
Sunday, April 13, 2025 11:17 PM IST
കാഞ്ഞിരപ്പള്ളി: തീക്ഷ്ണമായ പ്രാർഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളായ വിശുദ്ധ വാരാചരണത്തിന് ആമുഖമായി വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടന്ന ഓശാന തിരുക്കർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഗ്രോട്ടോയിലാരംഭിച്ച തിരുക്കർമങ്ങളെത്തുടർന്ന് കത്തീഡ്രൽ പള്ളിയിലേക്ക് നടത്തപ്പെട്ട പ്രദക്ഷിണത്തിൽ ഓശാന വിളികളുമായി വിശ്വാസീസമൂഹം പങ്കുചേർന്നു.
തിരുക്കർമങ്ങളിൽ കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ. ഡോ. കുര്യൻ താമരശേരി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹകാർമികരായിരുന്നു. കത്തീഡ്രൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസകുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശേരിൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ ഓശാന തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. എരുമേലി ഫൊറോന വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, ഫാ. തോമസ് പരിന്തിരിക്കൽ എന്നിവർ സഹകാർമികരായിരുന്നു.