ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരം; പുതിയ കലുങ്കിന്റെ നിർമാണം ആരംഭിച്ചു
1542529
Sunday, April 13, 2025 11:17 PM IST
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ എസ്എൻഡിപി, ഗ്യാലക്സി ജംഗ്ഷനുകൾക്കിടയിൽ ദേശീയ പാതയിൽ മഴക്കാലത്ത് നിരന്തരമായുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരമാകുന്നു. ഇതിന്റെ ഭാഗമായുള്ള കലുങ്ക് നിർമാണത്തിന് തുടക്കം കുറിച്ചു. 33 ലക്ഷം രൂപ മുടക്കിയാണ് പുതിയ കലുങ്ക് നിർമിക്കുന്നത്.
ദേശീയപാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ചെറിയ മഴപെയ്താൽപോലും റോഡിൽ വെള്ളം കെട്ടിക്കിടന്നതും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുന്നതും പതിവായിരുന്നു.
ഇവിടെ നിലവിലുണ്ടായിരുന്ന കലുങ്ക് വളരെ ചെറുതും തകരാറിലായിരുന്നതുമാണ്. തന്മൂലം റോഡിലെ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയായിരുന്നു. ഇളംബ്രാമല ഭാഗത്തുനിന്നടക്കം കുന്നിൻമുകളിൽനിന്ന് വരുന്ന വെള്ളവും റോഡിൽ കെട്ടിക്കിടക്കുകയായിരുന്നു.
ചെറിയ മഴപെയ്താൽപോലും ദേശീയപാതയിൽ വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടിരുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പുതിയ കലുങ്ക് നിർമാണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.