തെങ്ങണ-കുന്നുംപുറം റോഡ് ടാറിംഗ് ജോലികള്‍ക്കു തുടക്കം
1542442
Sunday, April 13, 2025 7:03 AM IST
ചങ്ങനാശേരി: പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ തെങ്ങണ മുതല്‍ തൃക്കൊടിത്താനം കുന്നുംപുറം വരെയുള്ള റോഡിന്റെ പുനർനിര്‍മാണത്തിനു തുടക്കമായി. ഈ റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഗുഡ്ഷെപ്പേര്‍ഡ് സ്കൂളിന്റെ മുന്‍ഭാഗത്തുള്ള റോഡിലെ ടാറിംഗ് യന്ത്രസഹായത്താല്‍ ഇളക്കുന്ന ജോലികള്‍ക്കും തുടക്കംകുറിച്ചിട്ടുണ്ട്.
ശബരിമല പാക്കേജില്‍പ്പെടുത്തി മൂന്നരക്കോടി രൂപ മുടക്കിയാണ് റോഡ് നിര്‍മിക്കുന്നത്. ഈ റോഡ് നാളുകളായി തകര്‍ന്നു കിടക്കുകയായിരുന്നു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടലിലാണ് റോഡ് നിര്‍മാണത്തിന് പണം ലഭിച്ചത്. അടുത്തമാസം പകുതിയോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്തുവകുപ്പ് വകുപ്പിന്റെ തീരുമാനം.
ഈ റോഡിലെ ഡീലക്സ്പടി വളവ് നിവര്‍ത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എംസി റോഡില്‍ പെരുന്തുരുത്തിയില്‍ ആരംഭിച്ച് നാലുകോടി, കുന്നുംപുറം, തെങ്ങണ, പുതുപ്പള്ളി, മണര്‍കാട് വഴി എംസി റോഡില്‍ ഏറ്റുമാനൂരില്‍ എത്തുന്ന ബൈപാസാണിത്.