പാരമ്പര്യവും ഭക്തിയും ചേരുവകളായി ആയിരങ്ങൾ തമുക്ക് നേർച്ചയിൽ പങ്കെടുത്തു
1542506
Sunday, April 13, 2025 10:34 PM IST
കുറവിലങ്ങാട്: കളത്തൂർ കരക്കാരുടെ പാരമ്പര്യ അവകാശങ്ങൾക്ക് വിശ്വാസത്തിന്റെയും ഭക്തിയുടെയും മേമ്പൊടി ചാലിച്ച് ആയിരങ്ങൾക്ക് തമുക്ക് നേർച്ച വിളമ്പി നൽകി.
മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ ഓശാന ഞായറിനോടനുബന്ധിച്ചാണ് തമുക്ക് നേർച്ച വിതരണം ചെയ്തത്. ഒന്നര നൂറ്റാണ്ട് പിന്നിട്ട് കളത്തൂർ കരക്കാർ നേതൃത്വം നൽകുന്ന തമുക്ക് നേർച്ചയിൽ ഇക്കുറിയുംആയിരങ്ങളാണ് പങ്കെടുത്തത്.
കളത്തൂർ കരയിലെ വിവാഹിതരായ ഓരോ പുരുഷനും വിഹിതമായി നൽകുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് തമുക്ക് തയാറാക്കുന്നത്.
100 പഴവും ആറ് തേങ്ങയും ഒരു കിലോ അരി വറുത്ത് പൊടിച്ചതും 100 രൂപയുമാണ് വിഹിതമായി നൽകേണ്ടത്. ഈ വിഭവങ്ങൾ പ്രത്യേക മരത്തോണിയിലിട്ട് ചേർത്ത് ഒരുക്കിയാണ് നേർച്ചയായി വിളമ്പുന്നത്.
നേർച്ച ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി ആശിർവദിച്ചു. ഓശാന ഞായർ തിരുക്കർമങ്ങളിലും ആയിരങ്ങൾ പങ്കുചേർന്നു.