ഇലവീഴാപൂഞ്ചിറയിൽ വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങും
1542462
Sunday, April 13, 2025 7:23 AM IST
മൂലമറ്റം: ഇലവീഴാപ്പൂഞ്ചിറയിൽ വിനോദസഞ്ചാരികൾക്കായി വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കുടയത്തൂർ പഞ്ചായത്തിന്റെ വർഷങ്ങളായുള്ള പരിശ്രമമാണ് യാഥാർഥ്യമാകുന്നത്. ഇലവീഴാപ്പൂഞ്ചിറയിൽ സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നേരത്തേ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ ഭൂമി സംബന്ധിച്ച് കുടയത്തൂർ-മൂന്നിലവ് പഞ്ചായത്തുകൾ തമ്മിൽ തർക്കമുണ്ടായതോടെ പദ്ധതി തടസപ്പെട്ടു. പഞ്ചായത്തിന്റെ അതിർത്തി നിർണയിക്കാൻ കഴിയാത്തതായിരുന്നു പ്രശ്നം. തുടർന്ന് കുടയത്തൂർ പഞ്ചായത്ത് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് റീ സർവേ നടപടികൾ പൂർത്തിയാക്കി. തുടർന്ന് പത്തു സെന്റ് സ്ഥലം ജില്ലാ ഭരണകൂടം വഴിയോര വിശ്രമകേന്ദ്രത്തിനായി പഞ്ചായത്തിന് വിട്ടുനൽകി.
ടെൻഡർ നടപടി ആരംഭിച്ചതായി ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് പറഞ്ഞു. വിശ്രമകേന്ദ്രത്തിനു പുറമേ കോഫിഷോപ് , ശൗചാലയം, പാർക്കിംഗ് ഏരിയ എന്നിവ ഇവിടെ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ്, അംഗം ആഷ റോജി എന്നിവർ പറഞ്ഞു.