കാഞ്ഞിരപ്പള്ളി ടൗൺ വീണ്ടും കാമറ നിരീക്ഷണത്തിലേക്ക്
1542223
Sunday, April 13, 2025 4:52 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗൺ വീണ്ടും കാമറ നിരീക്ഷണത്തിലേക്ക്. വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച കാമറകളെല്ലാം പ്രവർത്തനരഹിതമായതിനെത്തുടർന്നാണ് 15 ലക്ഷം രൂപയുടെ പുതിയ പദ്ധതി. മാലിന്യംതള്ളൽ തടയുകയാണ് പ്രധാനം ലക്ഷ്യം.
പൂതക്കുഴി മുതൽ കുരിശുങ്കൽ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പത്ത് കാമറകളാണ് സ്ഥാപിക്കുന്നത്. പൂതക്കുഴി, പൂതക്കുഴി-പട്ടിമറ്റം റോഡ്, പേട്ട സ്കൂൾ ജംഗ്ഷൻ, പേട്ടക്കവല, കോവിൽക്കടവ്, ബസ് സ്റ്റാൻഡ് ജംഗ്ഷൻ, ബസ് സ്റ്റാൻഡ്, പുത്തനങ്ങാടി, സിവിൽ സ്റ്റേഷനു സമീപം, കുരിശുങ്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ കാമറകൾ സ്ഥാപിക്കുന്നത്. താമസിയാതെ കാമറയിലെ ദൃശ്യങ്ങൾ കാണാവുന്ന വിധം പോലീസ് സ്റ്റേഷനിലും മോണിറ്റർ സ്ഥാപിക്കും.
രണ്ടാം ഘട്ടമായി ടൗണിൽ തമ്പലക്കാട് റോഡിലും ദേശീയപാതയിൽ കുന്നുംഭാഗത്ത് പഞ്ചായത്ത് അതിർത്തിവരെയും കാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റിജോ വാളാന്തറ എന്നിവർ അറിയിച്ചു.
മാലിന്യംതള്ളലിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കാമറകൾ സ്ഥാപിക്കുന്നതെങ്കിലും കവർച്ചകളും മറ്റ് അക്രമസംഭവങ്ങളും അടക്കമുള്ളവ മനസിലാക്കാനും ഇതിന് ഒരു പരിധിവരെ തടയിടാനും ഇത് സഹായകരമാകും. പോലീസിന് പല കേസുകളിലും തെളിവു ശേഖരണത്തിനും ഇത് ഉപകാരപ്പെടും.