മുണ്ടപ്പള്ളി ടോപ്പ് റോഡ് ഉദ്ഘാടനം ചെയ്തു
1542222
Sunday, April 13, 2025 4:52 AM IST
കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്ത് നാലാം വാർഡിലെ മുണ്ടപ്പള്ളി ടോപ്പ് റോഡിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ രജനി സലിലൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.ജെ. ജോസഫ് അറയ്ക്കപ്പറമ്പിൽ, പുരുഷോത്തൻ പാലൂർ, പയസ് വാലുമ്മേൽ, ബേബിച്ചൻ ആറ്റുചാലിൽ, വി.വി. സോമൻ, ടോമി വെള്ളാത്തോട്ടം, സെബാസ്റ്റ്യൻ ഇടയോടി, ബിനു മുഞ്ഞനാട്ട്, സന്തോഷ് ടി. നായർ, അനിൽ കുമാർ, മനോജ് പന്താടിയിൽ, ആന്റണി ചൂനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച നാലു ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. മുണ്ടപ്പള്ളി ടോപ്പ് പ്രദേശത്തേക്കുള്ള ഏക ആശ്രയമായ റോഡ് പ്രളയത്തെത്തുടർന്ന് തകർന്നിരുന്നു. പ്രദേശവാസികൾ ഏറെ കഷ്ടപ്പാടുകൾ സഹിച്ചായിരുന്നു ദൈനംദിന ആവശ്യങ്ങൾക്ക് ഈ വഴി സഞ്ചരിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റെയും വാർഡ് മെംബർ രജനി സലിലന്റെയും നേതൃത്വത്തിൽ നാട്ടുകാർ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് നാലു ലക്ഷം രൂപ അനുവദിച്ച് റോഡിന്റെ ഏറ്റവും ദുരിതപൂർവമായ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
ഇതു കൂടാതെ ടൗണിൽനിന്ന് മുണ്ടപ്പള്ളിയിലേക്ക് എത്തുന്നതിനുള്ള പ്രധാന റോഡിന്റെ റീ ടാറിംഗ് പ്രവൃത്തികൾക്കായി 36 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും എംഎൽഎ അറിയിച്ചു.