സത്യപാലനും സീതമ്മയ്ക്കും അഞ്ജലിക്കും നാടിന്റെ അന്ത്യാഞ്ജലി
1542220
Sunday, April 13, 2025 4:52 AM IST
എരുമേലി: തീനാളങ്ങളിൽ ജീവൻ പൊലിഞ്ഞ ഒരു കുടുംബത്തിലെ മൂന്നു പേർക്കും ഹൃദയ വേദനയോടെ നാടിന്റെ കണ്ണീർ യാത്രാമൊഴി. അച്ഛനും അമ്മയും സഹോദരിയും കൺമുമ്പിൽ തീപിടിച്ചു മരണത്തിലേക്കു പോയതിന്റെ നടുക്കുന്ന കാഴ്ച മറക്കാനാകുന്നില്ല അഖിലേഷ് എന്ന ഉണ്ണിക്കുട്ടന്. പ്രിയപ്പെട്ടവരെ ഒന്നിച്ചു നഷ്ടപ്പെട്ട അവനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും വാക്കുകളില്ല.
എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകൾ അഞ്ജലി (26) എന്നിവരുടെ സംസ്കാരമാണ് ഇന്നലെ കുടുംബവീടിന്റെ വളപ്പിൽ ഉച്ചയ്ക്ക് ഒരേസമയം നടന്നത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.
കഴിഞ്ഞ ദിവസമാണ് വീട്ടിൽ തീ പിടിച്ചു മൂന്നു പേരും മരണപ്പെട്ടത്. സീതമ്മ വീട്ടിൽ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും മകളും ആശുപത്രിയിലാണ് മരിച്ചത്. അഖിലേഷ് ഇന്നലെ മൂവരുടെയും മൃതദേഹങ്ങൾക്കൊപ്പമാണ് ആശുപത്രിയിൽനിന്നു വീട്ടിൽ എത്തിയത്.
അഞ്ജലിക്ക് പിതാവിന്റെ സ്ഥാപനത്തിൽ മുമ്പു ജോലി ചെയ്തിരുന്ന നാട്ടിലെ യുവാവുമായി ഉണ്ടായിരുന്ന പ്രണയത്തെത്തുടർന്നു വിവാഹം നടത്തുന്നതിനെച്ചൊല്ലി വീട്ടിലുണ്ടായ എതിർപ്പാണ് മരണത്തിൽ കലാശിച്ചത്.
പോലീസ് വീട് സീൽ ചെയ്തിരിക്കുകയാണ്. ഫോറൻസിക് വിഭാഗം എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മൂവരുടെയും മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സത്യപാലന്റെ സഹോദരൻ സന്തോഷ് പോലീസിനെ അറിയിച്ചിരുന്നു.