കുട്ടികള്‍ക്ക് കൃഷിപാഠങ്ങള്‍ പകര്ന്നുനല്കി ഫാ. ജോസഫ് പാനാമ്പുഴ
1542212
Sunday, April 13, 2025 4:52 AM IST
കടനാട്: സെന്റ് അഗസ്റ്റിന് ഫൊറോന പള്ളിയിലെ വിശ്വാസോത്സവത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് കൃഷിയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്കി വികാരി ഫാ. ജോസഫ് പാനാമ്പുഴ. കാര്‍ഷിക സംസ്കാരത്തിന് ഏറെ വേരോട്ടമുള്ള കടനാട്ടിലെ കുട്ടികളെയും കൂട്ടി അദ്ദേഹം ചേമ്പ്, ചേന, മുരിങ്ങ തുടങ്ങിയവ കൃഷി ചെയ്തു.
വിത്ത് നടുന്നതിന് കുഴിയെടുക്കേണ്ട രീതി മുതല്‍ തൂമ്പ പിടിക്കേണ്ടത് എങ്ങനെയെന്നും വിത്ത് നടുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഏതു ദിശയിലേക്ക് തിരിച്ചുവച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കും തുടങ്ങിയ കാര്‍ഷിക പാഠങ്ങളാണ് അദ്ദേഹം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയത്.
അതോടൊപ്പം ഓരോ ചെടിയുടെയും ഔഷധ മൂല്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് ബോധവത്കരണം നല്കി. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികൾക്കു പള്ളിക്ക് ചുറ്റുമുള്ള ചെടികളുടെയും വൃക്ഷങ്ങളുടെയും പേരുകള്‍ പഠിപ്പിച്ചു നല്കി. അന്യം നിന്നുപോകുന്ന കാര്‍ഷിക മേഖലയിലേക്ക് കുട്ടികളെ ചേര്‍ത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സണ്‍ഡേ സ്കൂളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.