തീക്കോയി മാർമലയിൽ എലിവേറ്റഡ് ഗാലറി നിർമിക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചു
1542211
Sunday, April 13, 2025 4:52 AM IST
തീക്കോയി: മാര്‍മല അരുവിയിൽ സുരക്ഷാ ക്രമീകരണങ്ങൾക്കും എലിവേറ്റഡ് ഗാലറി നിർമിക്കുന്നതിനുമായി 35 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
അരുവി സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളിൽ നിരവധി ആളുകൾ അപകടത്തിൽ മരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇതുമൂലം വളരെ ദൂരെ നിന്ന് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ മാത്രമേ സഞ്ചാരികൾക്ക് സാധിക്കുന്നുള്ളൂ.
ഇതിന് പരിഹാരമായാണ് അരുവിയോട് ചേർന്നുതന്നെ ഇരുമ്പ് കേഡറിൽ ചവിട്ടുപടികൾ നിർമിച്ച് അരുവിക്ക് അഭിമുഖമായി ഗാലറി നിർമിക്കുന്നതിനു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്ന് അരുവിയിലേക്ക് എത്തുന്ന നടപ്പാതയുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കും.
പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ മാര്‍മല അരുവിയുടെ വികസനം കിഴക്കൻ മലയോര മേഖലയുടെ ടൂറിസം സാധ്യതകൾക്ക് മുതൽക്കൂട്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.