നാല്പതാംവെള്ളി ആചരണം ഭക്തിനിര്‍ഭരമായി; നാളെ ഓശാനഞായര്‍
1542132
Saturday, April 12, 2025 7:30 AM IST
ചങ്ങനാശേരി: പീഡാനുഭവ ആഴ്ചയിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായി ക്രൈസ്തവര്‍ വലിയനോമ്പിലെ നാല്പതാംവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ നാളെ ഓശാനഞായര്‍ ആചരിക്കും.
വിവിധ ഇടവകകളില്‍ ഭക്തിപൂര്‍വമായ കുരിശിന്റെ വഴിയും പ്രാര്‍ഥനാശുശ്രൂഷകളും നടന്നു. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ചുങ്കപ്പാറ കരുവള്ളിക്കാട് കുരിശുമലയിലേക്ക് ഇന്നലെ ആയിരങ്ങള്‍ തീര്‍ഥാടനം നടത്തി. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ തീര്‍ഥാടനത്തിനു നേതൃത്വം നല്കി.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ഇടവകയില്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് ചുറ്റി കുരിശിന്റെ വഴി നടത്തി. നൂറുകണക്കിനു വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം അണിചേര്‍ന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്കി. മെത്രാപ്പോലീത്തന്‍ പള്ളിയിലെ മര്‍ത്ത്മറിയം കബറിടപള്ളിയില്‍ കഴിഞ്ഞ നാല്‍പ്പതു ദിവസങ്ങളായി നടന്നുവന്ന കരണാര്ഥന പ്രാര്‍ഥന ഇന്നലെ രാത്രി ആരാധനയോടെ സമാപിച്ചു.
കഴിഞ്ഞ നാല്പതു ദിവസങ്ങളിലെ അഖണ്ഡപ്രാര്ഥനയില് ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ വികാരി ഫാ. തോമസ് കല്ലുകുളത്തിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി. നൂറുകണക്കിനുവരുന്ന വിശ്വാസസമൂഹം പങ്കെടുത്തു.
വെരൂര്‍ സെന്റ് ജോസഫ് ഇടവകയുടെ നേതൃത്വത്തില്‍ തെങ്ങണയില്‍നിന്നും വലിയകുളത്തുനിന്നും പള്ളിയിലേക്കു കുരിശിന്റെ വഴി നടന്നു. വികാരി ഫാ. ജോഷി പുത്തന്‍പുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു.