സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരായ നടപടിയിൽ പ്രതിഷേധം
1493518
Wednesday, January 8, 2025 6:53 AM IST
കോട്ടയം: കെകെ റോഡില്‍ അപകടകരമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കൊപ്പം സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേയും നിയമനടപടി സ്വീകരിച്ചതിനെതിരേ പ്രതിഷേധവുമായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്.
അപകടകരമായ രീതിയില്‍ ബസോടിച്ച പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ക്കെതിരേ പള്ളിക്കത്തോട് പോലീസ് കേസെടുക്കുകയും അധികൃതര്‍ ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനൊപ്പം സ്വകാര്യ ബസ് ഡ്രൈവറുടെ പേരിലും പോലീസ് കേസെടുക്കുകയും മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരായ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയിലാണ് കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി പുനഃപരിശോധിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. റോഡിന്റെ നടുക്കുനിര്‍ത്തി ആളെയിറക്കിയെന്നതാണ് സ്വകാര്യ ബസ് ഡ്രൈവറുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.
റോഡിന്റെ ഇടതുവശം ചേര്‍ത്താണ് ബസ് നിര്‍ത്തിയതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പറഞ്ഞു.