പഴയ ബംഗ്ലാവിന്റെ ഓർമകൾക്ക് പുതുരുചി സമ്മാനിച്ച് കോഴായിൽ കുടുംബശ്രീ പ്രീമിയം കഫേ എത്തുന്നു
1493339
Wednesday, January 8, 2025 2:39 AM IST
കുറവിലങ്ങാട്: പതിറ്റാണ്ടുകൾക്ക് മുൻപ് രാജഭരണത്തന്റെ തിരുശേഷിപ്പ് കണക്കെ നാടിനു സ്വന്തമായിരുന്ന ബംഗ്ലാവിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തസംരഭമായ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തോട് ചേർന്നാണ് കുടുംബശ്രീ കഫേയ്ക്ക് തുടക്കമിടുന്നത്. കഫേയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിലാണ്.
നൂറോളം കുടുംബശ്രീ അംഗങ്ങൾക്കു തൊഴിലും വരുമാനവും ലഭ്യമാകുമെന്നതിനൊപ്പം വനിതകൾക്ക് താമസത്തിനും വിശ്രമത്തിനും വേദിയൊരുങ്ങുമെന്നതും ഏറെ നേട്ടമാകും. അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്കരണം, പാഴ്സൽ സർവീസ്, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ, പാർക്കിംഗ് തുടങ്ങിയ ക്രമീകരണങ്ങളോടെയാണ് കഫേ കമ്പോളത്തിലെത്തുന്നത്. നിലവിൽ കണ്ണൂർ, തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കുടുംബശ്രീ പ്രീമിയം കഫേകൾ പ്രവർത്തിക്കുന്നത്.
കുടുംബശ്രീ അംഗങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിലാണ് പ്രീമിയം ഹോട്ടൽ പ്രവർത്തിക്കുന്നത്. പ്രീമിയം കഫേയുടെ ഭാഗമായി നാൽപതോളം കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലനം അന്തിമഘട്ടത്തിലാണ്.
പാചകം, സർവീസിംഗ്, ബില്ലിംഗ് തുടങ്ങി റസ്റ്ററന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ കുടുംബശ്രീ അംഗങ്ങൾക്കു തുടർച്ചയായ ആറുമാസത്തെ പരിശീലനം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് നൽകുന്നത്. കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ കഫേയ്ക്കു പുറമേ കോൺഫറൻസ് ഹാൾ, ഷീ ലോഡ്ജ് എന്നിവയും ഒരുക്കുന്നത് യാത്രക്കാർക്കും നിർദിഷ്ട സയൻസ് സിറ്റിയിലെത്തുന്നവർക്കും നേട്ടമാകും.